എറണാകുളം : സിനിമാ മേഖലയിലെ ചൂഷണവുമായി ബന്ധപ്പെട്ട് നോഡൽ ഓഫിസർക്കും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും പരാതി നൽകാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കടക്കം പരാതി നൽകാനാകും. നോഡൽ ഓഫിസറുടെ അധികാര പരിധി ഹൈക്കോടതി വർധിപ്പിച്ചു. പരാതി നൽകിയവരെ സംഘടനകളിൽ നിന്ന് പുറത്താക്കുന്നുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിനിമാ മേഖലയിലെ ചൂഷണം: നോഡൽ ഓഫിസർക്കും അന്വേഷണ സംഘത്തിനും പരാതി നൽകാം; ഹൈക്കോടതി - HC ON HEMA COMMITTE
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കടക്കം നോഡൽ ഓഫിസർക്കും അന്വേഷണ സംഘത്തിന് മുന്നിലും പരാതി നൽകാനാവും.
Published : 5 hours ago
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഭീഷണി ഉണ്ടെങ്കിൽ അവർക്ക് സമീപിക്കാനായി നിയോഗിക്കപ്പെട്ട നോഡൽ ഓഫിസറുടെ അധികാര പരിധി വർധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരാതികൾ ഇനി മുതൽ നോഡൽ ഓഫിസർക്കും കൈമാറാം. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫിസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിർദേശം നൽകി. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകാത്തവർക്കും സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ച് പുതിയ പരാതികള്‍ നോഡല്‍ ഓഫിസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തതായും നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ നടി രഞ്ജിനി നൽകിയ അപേക്ഷയും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.
റിപ്പോർട്ടിൻ്റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ ശേഷം മൊഴി നൽകാൻ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടുവെന്ന് രഞ്ജിനി വ്യക്തമാക്കി. പരാതി നല്‍കിയവരെ സംഘടനകളില്‍ നിന്ന് പുറത്താക്കുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകൾ അറിയിച്ചപ്പോൾ, പുറത്താക്കാന്‍ നോട്ടിസ് ലഭിച്ചവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Also Read:ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു