എറണാകുളം:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇത്തവണയും യുഡിഎഫിന് ഉജ്ജ്വല വിജയം. യുഡിഎഫ് കണക്കുക്കൂട്ടലുകള്‍ അടക്കം തെറ്റിച്ച് 4,82,317 വോട്ട് നേടിയ ഹൈബി ഈഡൻ വീണ്ടും എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ കെജെ ഷൈനിനെ 2,50,385 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹൈബിയുടെ മുന്നേറ്റം.
സിപിഐ സ്ഥാനാര്‍ഥിയായ കെജെ ഷൈന്‍, ബിജെപി സ്ഥാനാര്‍ഥി ഡോ.കെഎസ് രാധാകൃഷ്‌ണന്‍, ട്വന്‍റി20 സ്ഥാനാര്‍ഥി അഡ്വ.ആന്‍റണി ജൂഡി എന്നിവര്‍ക്കൊപ്പമാണ് ഹൈബി ഈഡന്‍ ഇത്തവണ കളത്തിലിറങ്ങിയത്. കെജെ ഷൈനിന് 2,31,932 വോട്ടുകളും കെഎസ് രാധാകൃഷ്‌ണന് 1,44,500 വോട്ടുകളും ആന്‍റണി ജൂഡിക്ക് 39,808 വോട്ടുകളുമാണ് ലഭിച്ചത്. അതേസമയം നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 7758 വോട്ടുകളും.
പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ വോട്ടെണ്ണലിൻ്റെ ഒരോ ഘട്ടത്തിലും ഹൈബി ഈഡൻ മുന്നിട്ട് നിൽക്കുകയായിരുന്നു. വോട്ടെണ്ണൽ പൂർത്തിയായതോടെ ഇത്തവണയും ലോക്‌സഭയിൽ എറണകുളം മണ്ഡലത്തെ പ്രതിനിധികരിക്കാനുള്ള ജനവിധി യുഡിഎഫിന് അനുകൂലവുമായി. മണ്ഡലത്തില്‍ നിന്നും 68.27 ശതമാനം വോട്ടാണ് ഇത്തവണ പോൾ ചെയ്‌തത്.
മുമ്പത്തേക്കാള്‍ 9 ശതമാനത്തിലേറെ ഇത്തവണ പോളിങ്ങിൽ കുറവുണ്ടായിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ വോട്ടിങ് ശതമാനം കുറഞ്ഞ കാലങ്ങളിലെല്ലാം ഇത് യുഡിഎഫ് ഭൂരിപക്ഷത്തെ ബാധിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണത്തെ 1.69 ലക്ഷത്തിൻ്റെ ഭൂരിപക്ഷവും മറികടന്ന് രണ്ടര ലക്ഷത്തിലധികം വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷമാണ് ഹൈബി നേടിയത്.