കാസർകോട്: വേനൽക്കാലം അവസാനിക്കുകയാണ്. കാലാവർഷം പടിവാതിൽക്കൽ എത്തി നിൽക്കുന്നു. കനത്ത വരള്‍ച്ചയിലൂടെയാണ് ഈ വർഷം നമ്മൾ കടന്നു പോയത്. സൂര്യതാപമേറ്റ് നിരവധിപ്പേർക്ക് ജീവഹാനി ഉണ്ടായി.കൃഷി കരിഞ്ഞുണങ്ങി.കന്നുകാലികൾക്കും പക്ഷികൾക്കുപോലും രക്ഷയുണ്ടായിരുന്നില്ല.
ആട്, പോത്ത്, കോഴി, പന്നി എല്ലാം ചത്തു. മൃസംരക്ഷണ വകുപ്പിന്‍റെ കണക്ക് പ്രകാരം മെയ്‌മാസം 20 വരെ സംസ്ഥാനത്തൊട്ടാകെ 739 നാല്‍കാലികളുടെയും കോഴികളുടെയും ജീവന്‍ ഇല്ലാതായി. ഏറ്റവും കൂടുതല്‍ നഷ്‌ടമുണ്ടായത് കന്നുകാലി കര്‍ഷകര്‍ക്കാണ്. 526 കറവപശുവും കിടാവും മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ (83)ചത്തത് . ഇവിടെ 98 കോഴികളുടെയും ജീവന്‍ നഷ്‌ടപ്പെട്ടു.
രണ്ടാമത് നഷ്‌ടം കൂടുതല്‍ തൃശ്ശൂര്‍ ജില്ലയിലാണ്. ഇവിടെ 66 കന്നുകാലികള്‍ മരണപ്പെട്ടു. കന്നുകാലികള്‍ക്ക് പുറമേ സംസ്ഥാനത്തൊട്ടാകെ 25 പോത്തുകള്‍, 22 ആടുകള്‍, 168 കോഴികളുടെയും ജീവന്‍ നഷ്‌ടമായിട്ടുണ്ട്. ആലപ്പുഴയിലും മലപ്പുറത്തുമാണ് കോഴികളുടെ ജീവന്‍ നഷ്‌ടമായത്. ചില ജില്ലകളില്‍ ഒരു കര്‍ഷകന്‍റെ മാത്രം പത്തു പശുക്കള്‍ വരെ ചത്തുപോയി.
ചൂട് സഹിക്കാനാവാതെ കറവപ്പശുക്കള്‍ തളര്‍ന്ന് വീണ കുറെ സംഭവങ്ങള്‍ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ വര്‍ധിച്ചു. പശുക്കളുടെ പാലുല്‍പ്പാദനത്തിലും കുറവുണ്ടായി. അന്തരീക്ഷ ഊഷ്‌മാവ് ഉയരുന്നതിനനുസരിച്ച് ശരീരത്തിന്‍റെ പ്രതിരോധ ശേഷി നഷ്‌ടപ്പെടുന്നതും തീറ്റയെടുക്കാനാകാത്തതുമായിരുന്നു പശുക്കളില്‍ പാല്‍ കുറഞ്ഞതിന് കാരണം. ഇത്തരത്തില്‍ ജീവന്‍ നഷ്‌ടപ്പെടുന്ന പശുക്കളുടെ വിവരങ്ങള്‍ എല്ലാ ജില്ലകളിലെയും മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. മറ്റു മൃഗങ്ങളുടെ കണക്കു കൂടി പുറത്തു വന്നാൽ എണ്ണം കൂടും.
ജലക്ഷാമം കോഴി ഫാമുകളുടെ നടത്തിപ്പിനെയും സാരമായി ബാധിച്ചു. ഉല്‍പാദനവും കുറഞ്ഞു. കോഴികളുടെ ജീവന്‍ നഷ്‌ടമാകാതിരിക്കാന്‍ ഫാമുകളില്‍ സ്‌പ്രിങ്‌ളര്‍ ഉപയോഗിച്ച് കോഴികളെ തണുപ്പിക്കുകയും വലിയ ഫാനുകള്‍ സ്ഥാപിച്ച് കാറ്റ് നല്‍കുകയുമാണ് ചെയ്‌തത്. ഇതൊക്കെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. ഇതിന് പുറമേ കന്നുകാലികളും കോഴികളും ചത്തൊടുങ്ങിയതും കര്‍ഷകരെ കണ്ണീരിലാഴ്ത്തി.
ചൂട് കാരണം ചത്ത പശുക്കളുടെ എണ്ണം
- തിരുവനന്തപുരം- 40
- പത്തനംതിട്ട- 11
- കൊല്ലം- 65
- ആലപ്പുഴ- 83
- കോട്ടയം- 21
- ഇടുക്കി- 17
- എറണാകുളം- 49
- തൃശ്ശൂര്‍- 66
- മലപ്പുറം- 63
- പാലക്കാട്- 47
- കോഴിക്കോട്- 25
- കണ്ണൂര്‍- 7
- വയനാട്- 6
Also Read: കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്‌തത് 98 മില്ലി മീറ്റർ മഴ