എറണാകുളം: വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് പി. കൃഷ്‌ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ക്യാമ്പസ് രാഷ്‌ട്രീയം നിരോധിക്കുന്നത് പരിഹാര മാർഗമല്ല. പകരം ക്യാമ്പസുകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് വേണ്ടത്. രാഷ്ട്രീയ സംഘടനകളുടെ സമരങ്ങൾ അക്കാദമിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനെതിരെ കർശന നടപടി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല കോളജിൽ ക്രമസമാധാന പ്രശ്‌നമുണ്ടായാൽ ഇടപെടാൻ പൊലീസ് പ്രിൻസിപ്പലിൻ്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.