എറണാകുളം:പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ഡിസിസി കേന്ദ്ര സർക്കാർ പങ്കാളിത്തമുള്ള പദ്ധതി എന്ന് തെറ്റിദ്ധരിപ്പിച്ച് പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്ടോപ്പും ഗൃഹോപകരണങ്ങളും ലഭ്യമാക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയതിന് പിന്നിലെ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
സിഎസ്ആർ ഫണ്ട് ഉൾപ്പെടെ വിനിയോഗിക്കപ്പെടുന്നതിനാൽ ജനങ്ങൾക്ക് ഗുണകരമായ പദ്ധതിയെന്ന് ജനപ്രതിനിധികൾ പോലും തെറ്റിദ്ധരിച്ചു. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് ഷിയാസ് പറഞ്ഞു.
ബിജെപി നേതാക്കളുടെ ഒത്താശയോടെ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ അന്വേഷണ ഏജൻസികളും രഹസ്യാന്വേഷണ വിഭാഗങ്ങളും ഇത്രയും നാൾ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ അനാവശ്യമായി കേസുകൾ എടുക്കാൻ ഓടി നടന്നിരുന്ന കേന്ദ്ര ഏജൻസികൾ ഇപ്പോൾ എവിടെയാണ്. തട്ടിപ്പുകാരന് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണം ബിജെപി നേതാക്കളുടെ പിന്തുണയാണ്. നിഷ്‌പക്ഷ ഏജൻസി അന്വേഷിച്ചാൽ മാത്രമേ തട്ടിപ്പുകൾ പുറത്ത് വരികയുള്ളുവെന്ന് ഷിയാസ് കൂട്ടിച്ചേർത്തു. പണം നഷ്‌ടമായവർക്ക് തിരികെ നൽകാൻ ബിജെപി നേതാക്കൾ തയാറാകണം. ഇല്ലങ്കിൽ തട്ടിപ്പിനിരയാവർക്ക് വേണ്ടി കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഷിയാസ് വ്യക്തമാക്കി.