മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച, അക്ഷരാർത്ഥത്തിൽ നമ്മെ വിറങ്ങലിപ്പിച്ച ഒട്ടേറെ ക്രൂരതകൾക്ക് സംസ്ഥാനം സാക്ഷിയാകേണ്ടി വന്ന വർഷമാണ് കൊഴിഞ്ഞു പോകുന്നത്. പലർക്കും ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത് സ്നേഹം കൊണ്ട് ചേർത്തു നിർത്തപ്പെടും എന്ന് പ്രതീക്ഷിച്ച, വിശ്വാസമർപ്പിച്ച ബന്ധങ്ങളിൽ നിന്ന് തന്നെയായിരുന്നു. സ്വന്തം ഭര്‍ത്താവിന്‍റെയും സഹപാഠികളുടെയും അമ്മയുടെയും വരെ കൈകളില്‍ അമര്‍ന്ന ജീവനുകള്‍, അന്യസംസ്ഥാന തൊഴിലാളിയോടും അന്യദേശത്തെ താരത്തോടും വരെ കാണിച്ച ന്യായീകരിക്കാനാകാത്ത ആള്‍ക്കൂട്ട ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും, രണ്ട് വയസുകാരിക്ക് മുകളില്‍ വരെ പ്രയോഗിക്കപ്പെട്ട അധികാര ബോധങ്ങള്‍, സംഭവങ്ങൾ ഒട്ടേറെ ഉണ്ട് ചർച്ച ചെയ്യാൻ.
സിദ്ധാർഥിന്‍റെ മരണം:വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ വിദ്യാർഥിയായിരുന്ന സിദ്ധാർഥിനെ മരിച്ച നിലയിൽ ഹോസ്റ്റൽ റൂമിൽ കണ്ടെത്തുന്നത് ഫെബ്രുവരി 18 നാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപണവുമായി കുടുംബം രംഗത്ത് വന്നതോടെയാണ് സിദ്ധാർഥ് ഇരയാകേണ്ടി വന്ന ക്രൂരമായ റാഗിങിനെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയുന്നത്. മൂന്ന് ദിവസത്തോളം ഭക്ഷണം പോലും നൽകാതെ സീനിയർ വിദ്യാർഥികൾ അതിക്രൂരമായി സിദ്ധാർഥിനെ മർദിച്ചുവെന്ന് സഹപാഠികളിൽ ചിലർ മൊഴിനൽകി. ഇത് ശരിവയ്‌ക്കുന്ന തരത്തിൽ ആയിരുന്നു പുറത്ത് വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടും.
സിദ്ധാര്‍ഥ് സഹപാഠിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തതാണെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. സംഭവത്തിൽ കോളജിലെ എസ്‌എഫ്ഐ യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്‌തു. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
നവജാത ശിശുവിന്‍റെ മൃതദേഹം അമ്മ ഫ്ലാറ്റില്‍ നിന്ന് എറിഞ്ഞ സംഭവം: യാഥാസ്ഥിതിക ചിന്താഗതിയും സദാചാര ബോധവും ചോദ്യം ചെയ്യപ്പെടുന്ന കാലത്തും അതിന്‍റെ ഇരകളായി പൊലിയേണ്ടിവന്നിട്ടുളളത് നിരവധി ജീവനുകളാണ്. അത്തരത്തിൽ ഒന്നായിരുന്നു ഈ സംഭവം. അമ്മയുടെ കൈകളില്‍ അമര്‍ന്ന് ഇല്ലാതായ പിഞ്ചു ജീവനുകളുടെ കഥ നാം മുന്‍പും കേട്ടിട്ടുണ്ടെങ്കിലും ഫ്ലാറ്റിന്‍റെ അഞ്ചാം നിലയില്‍ നിന്ന് നവജാത ശിശുവിനെ മാതാവ് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിക്കുക തന്നെ ചെയ്‌തു.
ഫ്ലാറ്റിലെ കുളിമുറിയിൽ പ്രസവിച്ച 23കാരി പരിഭ്രാന്തിയെ തുടർന്ന് കുഞ്ഞിനെ കവറിലാക്കി താഴേക്ക് എറിയുകയായിരുന്നു. യുവതി ഗർഭിണിയായിരുന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്ന് പൊലീസ് വ്യക്തമാക്കി. സുഹൃത്ത് പീഡിപ്പിച്ചതായി പെൺകുട്ടി പിന്നീട് മൊഴി നല്‍കുകയും ചെയ്‌തു.
രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം:ശിശു ക്ഷേമ വകുപ്പിലെ ആയമാര്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം മലയാളി മനസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമാണ്. സ്വന്തം പിതാവിന്‍റെ മരണം നേരിൽ കണ്ട രണ്ടര വയസുകാരി അതിന്‍റെ ആഘാതത്തിൽ കിടക്കയിൽ രാത്രി മൂത്രമൊഴിച്ചു. അതാണ് അത്ര വലിയ പീഡനത്തിന് ഇരയാകാന്‍ മാത്രം ആ പിഞ്ചു കുഞ്ഞ് ചെയ്‌ത പാപം.
സംരക്ഷണ ചുമതലയുളളവര്‍ തന്നെ അത് ദുരുപയോഗം ചെയ്യുന്ന കാഴ്‌ച. അതീവ ഗൗരവമുള്ള സംഭവമാണെന്നും ദയ അര്‍ഹിക്കുന്നില്ല എന്നും നിരീക്ഷിച്ച പോക്‌സോ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തളളി. ശിശു ക്ഷേമ വകുപ്പിലെ സിന്ധു, മഹേശ്വരി, അജിത എന്നീ മുന്‍ ആയമാരാണ് നിലവില്‍ ജയിലില്‍ കഴിയുന്നത്.
മൂവാറ്റുപുഴ ആള്‍ക്കൂട്ടക്കൊല:ആള്‍ക്കൂട്ടത്തിന്‍റെ അതിക്രൂരപീഡനങ്ങള്‍ക്ക് ഇരയായാണ് അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് മരണത്തിന് കീഴടങ്ങുന്നത്. വാളകത്തെ ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ പെൺസുഹൃത്തിനെ കാണാനെത്തിയതായിരുന്നു. സുഹൃത്തുമായുളള തര്‍ക്കത്തിന്‍റെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അശോക് ദാസിനെ വിചാരണ ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സംഘം ചേര്‍ന്ന് റോഡരികിലെ ഇരുമ്പ് കമ്പിയില്‍ കെട്ടിയിട്ടു. രാത്രി പൊലീസെത്തി അശോകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് ആള്‍ക്കൂട്ടക്കൊലപാതകത്തിന് വൈക്കം സ്വദേശികളായ വിജീഷ്, സത്യൻ, അനീഷ്, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽ കൃഷ്ണ, സനൽ, എമിൽ എന്നിവരെ അറസ്റ്റ് ചെയ്‌തു. മനുഷ്യ ജീവന് മുകളില്‍ സദാചാര ബോധം നിലയുറപ്പിച്ച കാഴ്‌ചയായിരുന്നു അത്.
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ 500 മീറ്റര്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മലയാളിയുടെ ജനാധിപത്യബോധത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. കൂടല്‍കടവ് ചെമ്മാട് ഉന്നതിയിലെ മാതനെയാണ് (49) കാറിൽ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. ചെക്ക് ഡാം കാണാൻ എത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടത്തതിന്‍റെ ദേഷ്യത്തിലാണ് മാതനെ കാറില്‍ വലിച്ചിഴച്ചത്. കാറിന്‍റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് യുവാവിനെ പ്രതികള്‍ വലിച്ചിഴക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.