ലഡാക്ക് മേഖലയിലെ പരമ്പരാഗത വസ്ത്രം ധരിച്ച് കൈയിൽ ഒരു റിബൺ പിടിച്ച് രണ്ട് കാലിൽ നടക്കുന്ന ഒരു ഹിമപ്പുലി.. ധോതി-കുർത്ത ധരിച്ച് സംഗീതോപകരണം പിടിച്ചിരിക്കുന്ന കടുവ.. പറക്കുന്ന മയിൽ.. പരമ്പരാഗത വസ്ത്രം ധരിച്ച് കൈയിൽ ഒരു ആചാരപരമായ വടിയുമായി നടക്കുന്ന മാൻ... ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ആദരമർപ്പിക്കുകയാണ് ഗൂഗിള്‍.
രാജ്യത്തിന്‍റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത വസ്ത്രത്തിൽ വന്യജീവികളെ അവതരിപ്പിക്കുന്ന പ്രത്യേക ഡൂഡിൽ വഴിയാണ് ഗൂഗിള്‍ രാജ്യത്തിന് ആദരമർപ്പിക്കുന്നത്. പൂനെയിൽ നിന്നുള്ള രോഹൻ ദഹോത്രേയാണ് ഡൂഡിൽ ഡിസൈന് പുറകിൽ. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളെ പ്രതീകപ്പെടുത്തുന്ന മൃഗങ്ങളെയും പക്ഷികളെയും ചേർത്ത് ഒരു വന്യജീവി പരേഡ് തന്നെ ചിത്രീകരിച്ചിട്ടുണ്ട് ഡൂഡിലിൽ.
സർറിയലിസത്തിലെ പ്രതിഫലിപ്പിക്കുന്ന വർണ്ണാഭമായ ഈ കലാസൃഷ്‌ടി 'GOOGLE' എന്ന ആറ് അക്ഷരങ്ങളെയും ചിത്രീകരിക്കുന്നു. 'ഈ ഡൂഡിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തെ ആഘോഷിക്കുന്നു. ദേശീയ അഭിമാനവും ഐക്യവും അടയാളപ്പെടുത്തിയ ഒരു അവസരമാണിത്' എന്നാണ് ഡൂഡിലിനെ കുറിച്ചുള്ള ഗൂഗിള്‍ വിവരണം പറയുന്നത്.