തിരുവനന്തപുരം:ആന്ധ്രപ്രദേശില്‍ നിന്നും വിൽപനയ്‌ക്കായി 102 കിലോ കഞ്ചാവും 1.005 കിലോഗ്രാം ഹാഷിഷ് ഓയിലും കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതികൾക്ക് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. എറണാകുളം കുന്നത്തുനാട് സ്വദേശിയായ എൽദോ എബ്രഹാം (32), കൊല്ലം കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന സെബിൻ (33) എന്നിവരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
നർക്കോട്ടിക്‌സ് വകുപ്പ് പ്രകാരമാണ് പ്രതികൾക്ക് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 1 വർഷം അധിക തടവ് അനുഭവിക്കണം. 2020 ജൂലൈ 6നാണ് കേസിനാസ്‌പദമായ സംഭവം.
കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാലത്താണ് ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ വിൽപ്പനയ്ക്കായി കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്നതിനിടെ സംഘം പിടിയിലായത്. തിരുവനന്തപുരം പോത്തൻകോട് വച്ചാണ് പ്രതികൾ വലയിലാകുന്നത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനി കുമാർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജി കൃഷ്‌ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി ആർ മുകേഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അസി. കമ്മിഷണർ ഹരികൃഷ്‌ണൻ പിള്ള ജിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്‌സ് ഡിജി, അഭിഭാഷകരായ സിപി രഞ്ചു , ജിആർ ഗോപിക, ഇനില രാജ് എന്നിവരും ഹാജരായി.
ALSO READ:ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍; ഉത്തരവിറക്കി സർക്കാർ