കാസർകോട്:ഒരു ഗ്രാമം മുഴുവൻ ചെണ്ട മേളം പഠിക്കുന്നതിന്‍റെ ആവേശത്തിലാണിപ്പോൾ. ആൺ കുട്ടികളും പെൺ കുട്ടികളും അമ്മമാരും യുവാക്കളുമടക്കം ഉദുമ കൊക്കാലിലെ 80-ലധികം പേരാണ് ചെണ്ടമേളം പഠിച്ചുകൊണ്ടിരിക്കുന്നത്. പഠനം മൂന്നുമാസം പിന്നിട്ടതോടെ ഗണപതിക്കൈയും തകിടയും തരികിടയും ചെമ്പടയും തൃപടയും കടന്ന് പഞ്ചാരി അഞ്ചാംകാലത്തിലെത്തി.
വൈകിട്ട് ഏഴുമണി മുട്ടിയാൽ കൊക്കാൽ ചെണ്ട മേളം കൊണ്ട് ശബ്‌ദമുഖരിതമാകും. ഒരുവീട്ടിൽ ഒരു ചെണ്ടമേളക്കാരൻ എന്ന ലക്ഷ്യവുമായി കൊക്കാലിലെ നാട്ടുകാരാണ് ചെണ്ടകൊട്ടാൻ നേതൃത്വം നൽകുന്നത്. മക്കളെ കൊണ്ടുവിടാൻ എത്തിയപ്പോൾ തങ്ങൾക്കും പഠിക്കണമെന്നായി അമ്മമാർക്ക്. അങ്ങനെ മക്കളും അമ്മമാരും എല്ലാം പഠനം തുടങ്ങി.
ഈ പ്രായത്തിൽ ചെണ്ടമേളം പഠിക്കാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നു സ്ത്രീകൾ പറയുന്നു. ഉദുമ കൊക്കാൽ ഷൺമുഖമഠത്തിന്‍റെ തിരുമുറ്റമാണ് മേളപ്പെരുക്കം പഠിപ്പിക്കുന്ന വേദി. 45 പിന്നിട്ട അഞ്ചുപേരും നാലു വീട്ടമ്മമാരും പഠിതാക്കളായുണ്ട്. 10 വയസിന് മുകളിലുള്ളവരാണ് മറ്റുള്ളവർ. കരിങ്കൽ പാളികളിൽ വാളംപുളി മരത്തിൽ നിന്നുണ്ടാക്കുന്ന കോലുകൾ കൊണ്ട് കൊട്ടിയാണ് ആദ്യഘട്ട പഠനം.