കോട്ടയം:വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച എസ്‌റ്റിമേറ്റ് സംബന്ധിച്ച് പ്രതികരണവുമായി ഫ്രാൻസിസ് ജോർജ് എംപി. ദുരന്തം നടന്ന് നാളുകൾ കഴിഞ്ഞിട്ടും വ്യക്തതയും കൃത്യതയുമുള്ള കണക്ക് കേന്ദ്രത്തിന് സമർപ്പിക്കാൻ സർക്കാരിന് കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്‌റ്റിമേറ്റ് ആണെങ്കിലും യഥാർഥ കണക്കാണെങ്കിലും അത് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതായിരിക്കണം. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ്.
എസ്‌റ്റിമേറ്റ് ആണെന്ന് പറഞ്ഞ് തുക കൂട്ടി പറഞ്ഞാൽ ആ എസ്‌റ്റിമേറ്റിന് എന്തെങ്കിലും വില ഉണ്ടാകുമോ? അത് പരിഗണിക്കപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. ദുരന്ത ബാധിതർക്കായി എത്ര പണം ചെലവഴിച്ചുവെന്നതിന് ഒരു കണക്കുണ്ടാകുമല്ലോ, ആ കണക്കിൽ എങ്ങനെയാണ് വ്യത്യാസം വരുന്നതെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല ദുരന്തം നടന്ന് ഇത്രയായിട്ടും അത് സംബന്ധിച്ച് കൃത്യമായ കണക്ക് നമുക്ക് സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് പറയുമ്പോൾ നമ്മൾ എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നുള്ള ഒരു ചോദ്യം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും