വയനാട്: ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെപി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫിസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്‌ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്‌മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.
'ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവും'; വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെപി മധു കോണ്‍ഗ്രസില്‍ - BJP EX PRESIDENT JOINED CONGRESS
ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് കെപി മധു ആരോപിച്ചു.

Published : Dec 19, 2024, 6:40 PM IST
ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ബിജെപി മാറ്റിയത്. നവംബര്‍ 26നാണ് കെപി മധു ബിജെപി വിടുന്നത്. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി.
ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.
Also Read:സിനിമാ മേഖലയിലെ ചൂഷണം: നോഡൽ ഓഫിസർക്കും അന്വേഷണ സംഘത്തിനും പരാതി നൽകാം; ഹൈക്കോടതി