കെ മുരളീധരനെ അനുകൂലിച്ച് തൃശൂരിൽ ഫ്ലക്‌സ് ബോർഡ് (ETV Bharat) തൃശൂർ:കെ മുരളീധരനെ അനുകൂലിച്ച് തൃശൂരിൽ ഫ്ലക്‌സ് ബോർഡ്. ഡിസിസി ഓഫിസിലേക്കുള്ള വഴിയിലാണ് ഫ്ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കെ മുരളീധരനോട് മാപ്പപേക്ഷിച്ചാണ് ഫ്ലക്‌സ് ബോർഡ്.
'വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ ചതിയുടെ പത്മവ്യൂഹത്തിൽ പെട്ട് യുദ്ധഭൂമിയിൽ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്...നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളും ഇല്ല' എന്നാണ് ഫ്ലക്‌സ് ബോർഡിൽ എഴിതിയിരിക്കുന്നത്. തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ് വച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്‍റായി ചുമതലയേൽക്കാൻ വി കെ ശ്രീകണ്‌ഠൻ എംപി എത്തുന്ന ദിവസം കൂടിയാണ് ഇന്ന്.
അതേസമയം, തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കെ മുരളീധരനെ അനുകൂലിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലക്‌സ് ബോർഡുകൾ ഉയർന്നിരുന്നു. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിൽ സ്ഥാപിച്ച ഫ്ലക്‌സിൽ 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് എഴുതിയിരുന്നത്. 'നയിക്കാൻ നായകൻ വരട്ടെ, നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നാണ് കണ്ണൂർ തളിപ്പറമ്പിൽ സ്ഥാപിച്ച ബോർഡിൽ കുറിച്ചിരിക്കുന്നത്.
കൂടാതെ കെ മുരളീധരനായി പാലക്കാട്ടും തിരുവനന്തപുരത്തും ഫ്ലക്‌സുകൾ ഉയർന്നിരുന്നു. 'നയിക്കാൻ നായകൻ വരട്ടെ', 'പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം', 'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നിങ്ങനെയായിരുന്നു ഫ്ലക്‌സുകളിൽ കുറിച്ചിരുന്നത്. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയിക്കുമായിരുന്ന സിറ്റിങ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്‍റെ തെറ്റാണെന്നും കെ മുരളീധരന്‍ തുറന്നുപറഞ്ഞിരുന്നു.
ALSO READ:മത്സരിക്കാൻ ഇനി മൂഡില്ല ; സാധാരണ പ്രവർത്തകനായി തുടരും : തീരുമാനത്തിലുറച്ച് കെ മുരളീധരൻ