പത്തനംതിട്ട:കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരിച്ച സംഭവത്തില്‍ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു. കോന്നി മല്ലശേരി പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന് (65), മകന് നിഖില്‍ ഈപ്പന് മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരായിരുന്നു ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.
അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ അമിത വേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്നും ഡ്രൈവര്‍ സതീഷ് വ്യക്തമാക്കി.
ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസിന്റെ മുൻവശം പൂര്‍ണമായി തകര്‍ന്നിരുന്നു.