കേരളം

kerala

ETV Bharat / state

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന്‌ 133 വര്‍ഷം കഠിന തടവ്‌ - 133 years Imprisonment

പീഡന കേസില്‍ പ്രതിയായ പിതാവിനെ 133 വര്‍ഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച്‌ സ്‌പെഷ്യല്‍ പോക്‌സോ കോടതി

Father arrested in rape case  Imprisonment For Rape Case Accused  rape case in Manjeri Malappuram  പീഡിപ്പിച്ച കേസില്‍ പിതാവിന്‌ തടവ്‌  പതിമൂന്നുകാരിയെ പീഡിപ്പിച്ചു
Father arrested in rape case

By ETV Bharat Kerala Team

Published : Feb 6, 2024, 10:14 PM IST

മഞ്ചേരി :പതിമൂന്നുകാരിയെ പലതവണ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിയായ പിതാവിനെ സ്‌പെഷ്യല്‍ പോക്‌സോ കോടതി 133 വര്‍ഷം കഠിന തടവിനും ഏഴുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. 42 കാരനെയാണ് ജഡ്‌ജ്‌ എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ബാലികയെ പലതവണ ബലാത്സംഗം ചെയ്‌തുവെന്നാണ് എടവണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ്.

ബലാത്സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ാം വകുപ്പ്, പോക്‌സോ ആക്‌ടിലെ അഞ്ച് (എല്‍), അഞ്ച് (എന്‍), ജുവനൈല്‍ ജസ്റ്റിസ് ആക്‌ടിലെ സെക്ഷന്‍ 75 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ആദ്യ മൂന്ന് വകുപ്പുകളിലും 40 വര്‍ഷം വീതം കഠിന തടവ്, രണ്ടുലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ജെ ജെ ആക്‌ട്‌ പ്രകാരം മൂന്നുവര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്.

പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പുകളിലും മൂന്നുമാസം വീതം കൂടി തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം അത് മുഴുവനും അതിജീവിതയ്ക്ക്‌ നല്‍കണമെന്നും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്‍റെ വിക്‌ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതയ്ക്ക്‌ നഷ്‌ടപരിഹാരത്തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.

പ്രതി അതിജീവിതയുടെ പിതാവാണെന്നതിനാല്‍ കേസ് അട്ടിമറിക്കാനും പരാതിക്കാരിയെ സ്വാധീനിക്കാനും ഇടയുണ്ടെന്നതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വച്ചുതന്നെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാളിതുവരെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. റിമാന്‍ഡില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവ് നല്‍കാനും കോടതി വിധിച്ചു.

എടവണ്ണ പൊലീസ് ഇന്‍സ്‌പെക്‌ടറായിരുന്ന അബ്‌ദുല്‍ മജീദ് ആണ് കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ പ്രതിയെ അറസ്റ്റ് ചെയ്‌തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്‌തരിച്ചു. 17 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി. സബ് ഇന്‍സ്‌പെക്‌ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയക്കും.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ