തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിയുമായി വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക് (Exalogic Moves Karnataka HC). കമ്പനിക്കെതിരായി എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത് (Stay Against SFIO Probe). എസ്എഫ്‌ഐഒ ഡയറക്‌ടറും കേന്ദ്ര സര്‍ക്കാരുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.
മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേന ഇന്ന് രാവിലെയാണ് ഹര്‍ജി നല്‍കിയത്. എക്‌സാലോജിക് കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കെഎസ്‌ഐഡിസിയിലടക്കം വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്എഫ്‌ഐഒ സംഘം. ഇതിന്‍റെ ഭാഗമായി എക്‌സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്‍റെ ഹര്‍ജി.