തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തലേദിവസം ഇപി ജയരാജനെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണം പ്രതിരോധിക്കാനാവാതെയാണ് സിപിഎം പോളിങ്ങിലേക്ക് നീങ്ങിയത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയത് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനാണെന്ന സൂചനകള്‍ നേരത്തേയുണ്ടായിരുന്നെങ്കിലും പേര് പരസ്യമായത് വ്യാഴാഴ്‌ചയായിരുന്നു (ഏപ്രില്‍ 25). ഇന്നലെ കരുതലോടെ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന നേതാക്കളൊക്കെ പോളിങ്ങ് ദിനത്തില്‍ പ്രതികരണവുമായി രംഗത്തിറങ്ങി.
വോട്ട് ചെയ്‌ത ശേഷം പ്രമുഖ നേതാക്കളുടെയൊക്കെ പ്രതികരണങ്ങള്‍ ഈ വിഷയത്തിലായിരുന്നുവെന്നതും ശ്രദ്ധേയമായി. ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന ഇപിയുടെ പ്രസ്‌താവന പ്രചാരണത്തിന്‍റെ ആദ്യ നാളുകളില്‍ സിപിഎമ്മിന് ഏറെ തലവേദന സൃഷ്‌ടിച്ചിരുന്നു. ഇടതുമുന്നണിയില്‍ പ്രചാരണത്തിലും ഇപിയ്ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്‍റണിക്കെതിരെ ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് വീണ്ടും ഇപി വിവാദ കേന്ദ്രമായത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരേയും നന്ദകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണത്തിന് മറുപടി പറയുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്‍ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിരുന്നുവെന്നും ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും വെളിപ്പെടുത്തിയത്.
ജാവദേക്കറുമായി ഇപി ജയരാജന്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് നന്ദകുമാറും വെളിപ്പെടുത്തിയതോടെ ഇപി ജയരാജന്‍ ഒരിക്കല്‍ക്കൂടി വിവാദ നായകനായി. ശോഭ സുരേന്ദ്രന്‍ സൂചിപ്പിച്ച ബിജെപിയില്‍ പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇപി ജയരാജനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് വ്യാഴാഴ്‌ച തുറന്നടിച്ചത്. കെ. സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന ആരോപണം മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് സുധാകരന്‍ വെടി തിരിച്ചു വെച്ചത്.
ഇത് ശരിവെച്ച് ദല്ലാള്‍ നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. നേതാക്കളാരും പ്രതിരോധിക്കാനെത്താഞ്ഞപ്പോള്‍ ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ച് രംഗത്തുവന്നു. തൃശൂര്‍ സീറ്റില്‍ വിജയിക്കാന്‍ സഹായിക്കുന്നതിന് പകരമായി ലാവ്ലിന്‍ കേസില്‍ സഹായിക്കാമെന്ന വാഗ്‌ദാനമാണ് ജാവദേക്കര്‍ വെച്ചതെന്ന വമ്പന്‍ ആരോപണം ഇന്നലെ പുറത്ത് വന്നിരുന്നു.
സംസ്ഥാനത്ത് ബിജെപിയുമായി സിപിഎം നീക്കുപോക്കിലാണെന്ന് നേരത്തേ തന്നെ ആരോപണം ഉന്നയിച്ചു പോന്ന കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് നാളില്‍ ലഭിച്ച സുവര്‍ണ്ണാവസരമായി ഈ വിവാദം. വിഷയത്തില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ നോക്കാം...
ഇപിയുടെ ആദ്യ പ്രതികരണം:ആക്കുളത്തെ മകന്‍റെ ഫ്ലാറ്റില്‍ ജാവദേക്കര്‍ കാണാന്‍ വന്നിരുന്നുവെന്ന് സമ്മതിച്ച് രാവിലെ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയത് ഇപി തന്നെയായിരുന്നു. പരിചയപ്പെടാനെന്ന് പറഞ്ഞ് ദല്ലാള്‍ നന്ദകുമാറിനൊപ്പം എത്തിയ ജാവദേക്കര്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു പരിപാടിയുണ്ടെന്ന് പറഞ്ഞ് ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയെന്നും ഇപി വിശദീകരിച്ചു. ശോഭ സുരേന്ദ്രനെ താന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെന്നും ഇപി വ്യക്തമാക്കി.
ജാഗ്രത കുറഞ്ഞുപോയെന്ന് മുഖ്യമന്ത്രി:പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ പാപിയും ശിവനാകുമെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇപിയ്ക്ക് തെറ്റുപറ്റിയെന്ന് പരോക്ഷ സൂചന നല്‍കുകയായിരുന്നു. ഇപി ജയരാജന് ചില കാര്യങ്ങളിൽ ജാഗ്രത കുറവുണ്ടായി. ഇപി പ്രകാശ് ജാവദേക്കറെ കണ്ടതിൽ അസ്വാഭാവികത ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ജാവദേക്കറിനെ കണ്ടതില്‍ തെറ്റില്ല. ഞാനും രാഷ്ട്രീയ നേതാവെന്ന നിലയില്‍ ജാവദേക്കറിനെ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ സാക്ഷിയായി എങ്ങനേയും പണമുണ്ടാക്കാന്‍ നടക്കുന്ന ഒരാളുണ്ടായി.