തിരുവനന്തപുരം:ലോക്‌സഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഭിന്നതയില്ലെന്ന് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇടതുമുന്നണിയിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം സംബന്ധിച്ച ധാരണയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആർജെഡിയുമായി എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യുമെന്നും, മുൻകൂട്ടി സീറ്റ് നൽകാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് മുസ്ലിംലീഗിനോട് കാണിക്കുന്ന അവഗണന എൽഡിഎഫ് ഒരു പാർട്ടികളോടും കാണിക്കില്ലെന്നും ഇപി കൂട്ടിച്ചേര്‍ത്തു. 1962ല്‍ തനിച്ച് മത്സരിച്ച് രണ്ട് സീറ്റ് നേടിയവരാണ് മുസ്ലീം ലീഗെന്നും ലീഗിനോട് കോൺഗ്രസ് അവഗണന കാണിക്കുകയാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാവും. ലീഗിന്‍റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് നിലനിൽക്കുന്നത്. ലീഗ് 3 സീറ്റ് മാത്രമേ കോൺഗ്രസിനോട് ആവശ്യപ്പെട്ടുള്ളൂ. എന്നിട്ടും അവഗണന. അതുപോലെയുള്ള സമീപനം എല്‍ഡിഎഫ് ഘടക കക്ഷികളോട് സിപിഐഎം സ്വീകരിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.