'അതിരുകാണാത്ത യാത്രയാണെങ്കിലും
മധുരമാണെനിക്കെന്നുമീ ജീവിതം'
വിഖ്യാത സാഹിത്യകാരന്‍ എസ്‌കെ പൊറ്റക്കാട് ഈ വരികളില്‍ തന്‍റെ ജീവിതം കൊളുത്തിയിട്ടിരിക്കുന്നു. ദേശാന്തരങ്ങളിലെ നിറവുറ്റ കാഴ്‌ചകളിലേക്കും ഉള്ളുലയ്ക്കുന്ന മനുഷ്യ ജീവിത സങ്കീര്‍ണതകളിലേക്കും സഞ്ചരിച്ച അതുല്യ എഴുത്തുകാരനാണദ്ദേഹം.
'അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചുകടന്നത് പൊറുക്കൂ, പഴയ കൗതുക വസ്‌തുക്കള്‍ തേടി നടക്കുന്ന ഒരു പരദേശിയാണ് ഞാന്‍'
ഒരു ദേശത്തിന്‍റെ കഥയില്‍ നിന്ന്
എസ് കെയെന്ന ദ്വയാക്ഷരിയില്‍ അറിയപ്പെട്ട ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റക്കാടിന് മലയാളത്തിന്‍റെ ജോണ്‍ഗന്തര്‍, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്, പ്രേം പൊറ്റാസ് എന്നൊക്കെ വിളിപ്പേരുകളുണ്ട്. സാഹിത്യത്തിലൂടെയും സഞ്ചാരത്തിലൂടെയും മലയാളിക്കുമുന്നില്‍ ലോകാനുഭവങ്ങളുടെ പലമ സമ്മാനിച്ച എസ്കെ പൊറ്റക്കാടിന്‍റെ സിരകളില്‍ രാഷ്ട്രീയവും തുടിച്ചിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ അതിന്‍റെ തീക്ഷ്‌ണതയിലേക്ക് അദ്ദേഹം എടുത്തെറിയപ്പെട്ടു.
1940ലാണ് എസ്‌കെ പൊറ്റക്കാട് യാത്രകളില്‍ സജീവമാകുന്നത്. 41 ല്‍ ഇന്ത്യാപര്യടനത്തിനിറങ്ങി. അതിനിടെ 1942 ലെ ക്വിറ്റ് ഇന്ത്യ സമര കാലയളവില്‍ ചില ഒളിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ശേഷം പൊലീസിനെ വെട്ടിച്ച് ബോംബെയ്ക്ക് കടന്നു. ബോംബെയില്‍ നിന്ന് കശ്‌മീര്‍, ഹിമാചല്‍ എന്നിവിടങ്ങളുടെ സാംസ്‌കാരിക ചരിത്ര ഭൂമികകളിലൂടെയും മനോഹര കാഴ്‌ചകളിലൂടെയും യാത്ര നടത്തി. 1949 ല്‍ 18 മാസം നീണ്ടുനിന്ന ആഫ്രിക്കന്‍ യൂറോപ്പ് പര്യടനവും.
ഇതിനുപിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു കൈ പയറ്റി. 1956 നവംബര്‍ 1 ന് സംസ്ഥാന രൂപീകരണ ശേഷം 1957 ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും നേര്‍ക്കുനേര്‍. 44ാം വയസില്‍ എസ് കെ പൊറ്റക്കാട് കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. എതിര്‍സ്ഥാനാര്‍ഥി ആധുനിക വയനാടിന്‍റെ ശില്‍പ്പിയായ കോണ്‍ഗ്രസിലെ എംകെ ജിനചന്ദ്രന്‍.
മണ്ഡലത്തില്‍ ആകെ 4,68,639 വോട്ടര്‍മാരാണുണ്ടായിരുന്നത്. 63.2% ആയിരുന്നു പോളിങ്. 2,96,394 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. എന്നാല്‍ എംകെ ജിനചന്ദ്രന്‍ 1,10,114 വോട്ടുകള്‍ നേടി വിജയിച്ചു. എസ് കെ പൊറ്റക്കാട് 1,08,732 വോട്ടുകളുമായി തൊട്ടുപിറകില്‍. ജിനചന്ദ്രന്‍റെ ഭൂരിപക്ഷം കേവലം 1382 വോട്ടുകള്‍. പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് പത്മപ്രഭ ഗൗഡര്‍ 77,548 വോട്ടുകളുമായി മൂന്നാമതുമെത്തി.
എന്നാല്‍ അടുത്ത തവണ, അതായത് 1962ല്‍ അതേ മണ്ഡലത്തില്‍ നിന്ന് പൊറ്റക്കാടിന്‍റെ മധുരപ്രതികാരം. അക്കുറി എതിര്‍പ്രക്ഷത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് എഴുത്തുകാരനും പ്രഭാഷകനുമായ സുകുമാര്‍ അഴീക്കോട്. അന്ന് അദ്ദേഹം കെടി സുകുമാരന്‍ എന്ന പേരിലാണ് മത്സരിച്ചത്. ധിഷണാശാലികളായ രണ്ടുപേര്‍ ഏറ്റുമുട്ടിയ കേരള രാഷ്ട്രീയത്തിലെ അപൂര്‍വ മത്സരമായിരുന്നു അത്. എസ്കെ പൊറ്റക്കാടിന് അക്കുറി പക്ഷേ പരിചയപ്പെടുത്തലിന്‍റെ ആവശ്യകതയുണ്ടായിരുന്നില്ല. അഴീക്കോടിനെ 64950 വോട്ടുകള്‍ക്ക് നിലംപരിശാക്കിയാണ് എസ് കെ പൊറ്റക്കാട് ലോക്‌സഭയിലേക്കെത്തിയത്.
5,03,010 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ആകെ പോള്‍ ചെയ്‌തതില്‍ നിന്ന് എസ്‌കെ പൊറ്റക്കാട് 2,16,836 വോട്ടുകള്‍ സമാഹരിച്ചു. സുകുമാര്‍ അഴീക്കോടിന് 1,51,886 വോട്ടുകളാണ് ലഭിച്ചത്. ആകെയുണ്ടായിരുന്ന 494ല്‍ 371 എംപിമാരുമായി കോണ്‍ഗ്രസ്, ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. 27 അംഗങ്ങളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയായിരുന്നു രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. അതേസമയം കേരളത്തില്‍ അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി അധികാരമേറ്റു.
'തൊലിനിറത്തിന്‍റെ കാര്യത്തിലെന്ന പോലെ ദേഹ പ്രകൃതിയിലും ആചാരവിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഭാഷയിലും ഭക്ഷണരീതിയിലും വേഷവിധാനത്തിലും പെരുമാറ്റത്തിലും പരസ്‌പരം പൊരുത്തമില്ലാത്ത ഒരു കൂട്ടം ആളുകള്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെയും അറബിക്കടലിന്‍റെയും ഹിമാലയപര്‍വതത്തിന്‍റെയും കന്യാകുമാരി മുനമ്പിന്‍റെയും വലയത്തില്‍ പാര്‍ക്കുന്നു. അവരെ ഇന്ത്യക്കാര്‍ എന്ന് വിളിക്കുന്നു. ഈ പരമാര്‍ഥം തുറന്നുപറയുന്നതെങ്ങനെ ?'
ഒരു ദേശത്തിന്‍റെ കഥയില്‍ എസ്കെ പൊറ്റക്കാട് ഇങ്ങനെ കുറിച്ചിട്ടുണ്ട്. ബഹുസ്വരതയില്‍ നിന്ന് ഏകത്വത്തിനായി രാജ്യത്ത് മുറവിളി ഉയരുന്ന ഈ കാലത്ത് എസ്‌കെ അന്നേ കുറിച്ചിട്ട വാക്കുകള്‍ രാഷ്ട്രീയ സാമൂഹ്യ പ്രസക്തമാണ്.
1913ല്‍ ആയിരുന്നു എസ് കെ പൊറ്റക്കാടിന്‍റെ ജനനം. 1947ല്‍ പുറത്തിറങ്ങിയ കശ്‌മീര്‍ ആയിരുന്നു ആദ്യ യാത്രാഗ്രന്ഥം, പിന്നീട് വിഖ്യാതങ്ങളായ - കാപ്പിരികളുടെ നാട്ടില്‍, നൈല്‍ ഡയറി, പാതിരാസൂര്യന്‍റെ നാട്ടില്‍, ലണ്ടന്‍ നോട്ട്ബുക്ക് തുടങ്ങിയ സഞ്ചാര സൃഷ്‌ടികള്‍ അദ്ദേഹത്തില്‍നിന്നുണ്ടായി. ഒരു തെരുവിന്‍റെ കഥ,ഒരു ദേശത്തിന്‍റെ കഥ, വിഷകന്യക,നാടന്‍ പ്രേമം, മൂടുപടം,നോര്‍ത്ത് അവന്യൂ തുടങ്ങിയവ ശ്രദ്ധേയ നോവലുകളും.
1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും നേടി. പൊറ്റക്കാടിന്‍റെ സര്‍ഗസപര്യയ്‌ക്ക് 1980ല്‍ പരമോന്ന സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം സമ്മാനിച്ച് രാജ്യം ആദരിച്ചിട്ടുമുണ്ട്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവടങ്ങളിലെല്ലാം അദ്ദേഹം സഞ്ചരിച്ചു. 80ല്‍ മധ്യപൂര്‍വേഷ്യയിലേക്ക് നടത്തിയതാണ് അവസാന വിദേശ പര്യടനം. 82 ഓഗസ്റ്റ് ആറിനായിരുന്നു ആ തികവുറ്റ സര്‍ഗപ്രതിഭയുടെ നിത്യയാത്ര.