പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം (Source: Etv Bharat Reporter) പത്തനംതിട്ട: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിനു മുന്നില്‍ അഭ്യാസം നടത്തിയ യുവാവ് പിടിയില്‍. അടൂർ പറക്കോട് സ്വദേശി ദീപു (44) ആണ് പിടിയിലായത്. മദ്യലഹരിയിൽ ഇയാൾ പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുകയായിരുന്നു.
കെ പി റോഡില്‍ അടൂർ പറക്കോടുള്ള ബാറിന് സമീപം ഞായർ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സമീപമുള്ള ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് മദ്യലഹരിയിലായിരുന്ന ദീപു ഓടയിൽ ഇറങ്ങി പെരുമ്പാമ്പിനെ പിടികൂടി.
തുടർന്ന് പാമ്പിനെ കഴുത്തിലിട്ട് പ്രദർശിപ്പിച്ചു. പാമ്പിനെ തൊടാൻ അവിടെ കൂടി നിന്നവർക്ക് അവസരം ഒരുക്കി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. വിവരം അറിഞ്ഞ് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി ദീപുവിനെയും പാമ്പിനെയും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
പെരുമ്പാമ്പിനെ അശാസ്‌ത്രീയമായി പിടികൂടുകയും പൊതുജന മദ്ധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്‌തതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
Also Read:13 അടി നീളവും ഒന്നേകാല്‍ ക്വിന്‍റലോളം ഭാരവും; ഹരിദ്വാറില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി