തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്‌റ്റ് പരിഷ്‌കരണത്തിനെതിരെ സമരം നടത്തുന്ന ഡ്രൈവിങ് സ്‌കൂൾ ഉടമകളെ ചർച്ചയ്‌ക്ക് വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സിഐടിയു ഉൾപ്പെടെയുള്ള എല്ലാ സംഘടന പ്രതിനിധികളുമായി നാളെ വൈകിട്ട് 3 മണിക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തും. നിലവിൽ പ്രത്യക്ഷ സമരത്തിൽ നിന്നും സിഐടിയു മാത്രമാണ് പിന്മാറിയിട്ടുള്ളത്.
മറ്റ് സംഘടനകളും സംയുക്ത സമരസമിതിയും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് ഇന്തോനേഷ്യയില്‍ നിന്നും ഗതാഗത മന്ത്രി നെടുമ്പാശേരിയിലെത്തിയത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് രണ്ടാഴ്‌ചയായി സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിന് മുന്നിൽ ശക്തിപ്രകടനവും നടത്തിയിരുന്നു. കോടതിയിൽ നിന്നും അനുകൂല വിധി നേടിയെങ്കിലും ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പരിഷ്ക്കാരം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരിച്ചെത്തിയയുടൻ വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ.
കെഎസ്‌ആർടിസി ശമ്പള വിതരണവും ഈ മാസം മുടങ്ങിയിട്ടുണ്ട്. ശമ്പള വിതരണത്തിന്‍റെ ഫയൽ ഗതാഗത മന്ത്രിയുടെ ഓഫിസിൽ നിന്നും ധനകാര്യ വകുപ്പിലേക്ക് ഫോർവേഡ് ചെയ്‌തിട്ടുണ്ടെങ്കിലും ഫയൽ കൈമാറ്റത്തിനായുള്ള ഇ ഫയൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ കാരണം നിലച്ചതിനാൽ വൈകുകയാണ്. ഗതാഗത കമ്മിഷണർ ഉൾപ്പെടെയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായും നാളെ ഗതാഗത മന്ത്രി യോഗം ചേരും.
സംസ്ഥാനത്ത് ആകെയുള്ള 86 ടെസ്‌റ്റിങ് കേന്ദ്രങ്ങളില്‍ 77 എണ്ണവും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കൈവശമാണ്. സെൻ്ററുകള്‍ അടച്ചിട്ടുള്ള ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ മറികടക്കാന്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലം ആശ്രയിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ തീരുമാനം. എന്നാല്‍ ടെസ്‌റ്റിനായി സ്ലോട്ട് ലഭിച്ചവര്‍ പോലും പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തില്‍ ടെസ്‌റ്റിന് ഹാജരാകുന്നില്ലെന്നാണ് ഗതാഗത വകുപ്പിൻ്റെ വിലയിരുത്തല്‍.
ഇതിനിടെയാണ് ഇന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ഒരാഴ്‌ചയോളം നീണ്ടു നിന്ന വിദേശ സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തുന്നത്. മുഖ്യമന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പായിരുന്നു ഗതാഗത മന്ത്രി ഇന്തോനേഷ്യയിലേക്ക് പോയത്.
Also Read: ഡ്രൈവിംഗ് ടെസ്‌റ്റ് സര്‍ക്കുലര്‍: തുഗ്‌ളക് പരിഷ്‌കരണമായി മാറിയെന്ന് എം വിൻസെന്‍റ്