കേരളം

kerala

ETV Bharat / state

അമിതാവേശം പാളി, പാലക്കാട് യുഡിഎഫില്‍ തുടക്കത്തിലേ കല്ലുകടി, വാ തുറക്കാതെ കോണ്‍ഗ്രസ് നേതൃത്വം, കരുക്കള്‍ നീക്കി ഡോ. സരിന്‍

കോൺഗ്രസിൽ പൊട്ടിത്തെറി ഉയർന്നിരിക്കുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ. സരിൻ സിപിഎമ്മിലേക്കോ എന്നും ചർച്ചകൾ.

By ETV Bharat Kerala Team

Published : 4 hours ago

SARIN AGAINST CONGRESS CANDIDATURE  PALAKKAD NIYAMASABHA BYELECTION  SARIN AGAINST RAHUL MAMKOOTATHIL  KERALA BYPOLL LATEST UPDATES
Rahul Mamkootathil, Dr. Sarin (ETV Bharat)

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വീമ്പുപറച്ചിലിനു മുഖമടച്ചു പ്രഹരമേറ്റു. കെപിസിസി സോഷ്യല്‍ മീഡിയ വിഭാഗം തലവനും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോക്‌ടർ പി സരിന്‍റെ അപ്രതീക്ഷിത കലാപക്കൊടിയാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ നേതാക്കളെ ആകെ തഴഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്ന പരിഗണന മാത്രം കണക്കിലെടുത്ത് ജില്ലയ്ക്കു പുറത്തു നിന്നുള്ള രാഹുല്‍ മങ്കൂട്ടത്തിനു പാലക്കാട് സ്ഥാനാര്‍ത്ഥിത്വം താലത്തില്‍ വച്ചു നല്‍കിയതോടെ ജില്ലയ്ക്കുള്ളില്‍ നിന്നു തന്നെ ഉരുള്‍പൊട്ടല്‍ പാര്‍ട്ടിയില്‍ ഉരുണ്ടു കൂടി. പ്രിയങ്കാ ഗാന്ധി കൂടി കേരളത്തിലേക്കു സ്ഥാനാര്‍ത്ഥിയായി എത്തുന്ന തിരഞ്ഞെടുപ്പിന്‍റെ ആരവമുയരും മുന്‍പ് പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പൊട്ടലും ചീറ്റലുമുയരുന്നത് സംസ്ഥാന നേതൃത്വത്തിനാകെ നാണക്കേടായി.

വളരെ കരുതലോടെയാണ് സരിന്‍റെ നീക്കം എന്നത് ഇന്ന് (ഒക്‌ടോബർ 16) പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്നു വ്യക്തമാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ തയ്യാറാകാതെ തന്ത്രപരമായി അഭിപ്രായ പ്രകടനം നടത്തുമ്പോഴും 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനമുണ്ടാകണം എന്നൊരു നിലപാട് ഏതാണ്ട് അന്ത്യശാസനം എന്ന നിലയില്‍ സരിന്‍ മുന്നോട്ടു വയ്ക്കുന്നു. നിലവിലെ സാഹചര്യത്തില്‍ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ത്ഥിയെ മാറ്റുക എന്നത് അസംഭവ്യം എന്ന കാര്യം സരിനറിയാം.

അപ്പോള്‍ 48 മണിക്കൂറിനു ശേഷം സ്വാഭാവികമായും സരിന്‍ നിലപാട് ആവര്‍ത്തിക്കുന്നതോടെ കോണ്‍ഗ്രസ് നേതൃത്വം സരിനെതിരെ രംഗത്തു വരികയും സരിനെ തള്ളിപ്പറയുകയും ചെയ്യും. ഈ അവസരം മുതലാക്കി രക്തസാക്ഷി പരിവേഷത്തോടെ സിപിഎമ്മിലേക്കു പോകുക എന്നതു തന്നെയാകും സരിന്‍റെ നിലപാട് എന്നതാണ് വരുന്ന സൂചനകള്‍.

നേരത്തെ തന്നെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ നേരില്‍ കണ്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താൽപര്യം സരിന്‍ അറിയിച്ചിരുന്നു. സുധാകരന് സരിന്‍റെ കാര്യത്തില്‍ അനുകൂല നിലപാടുമായിരുന്നു. ഇക്കാര്യത്തില്‍ താന്‍ ഒപ്പമാണെന്നറിയിച്ച സുധാകരന്‍, ഡല്‍ഹിയിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ട് ഇതേ ആവശ്യം ഉന്നയിക്കാന്‍ സരിനോടു നിര്‍ദേശിച്ചു. ഇതനുസരിച്ച് ഡല്‍ഹിയിലെത്തിയ സരിന്‍, കെസി വേണുഗേപാലിനെയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെയും കണ്ട് തന്‍റെ ആഗ്രഹം അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാലക്കാട്ടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അതെങ്ങനെ തനിക്കനുകൂലമാകുമെന്നതും അദ്ദേഹം ഇരു നേതാക്കളോടും വിശദീകരിച്ചു. അനുകൂല നിലപാടുണ്ടാകും എന്ന ഉറപ്പില്‍ സരിന്‍ കേരളത്തിലേക്കു മടങ്ങിയെങ്കിലും 14 നു ചേര്‍ന്ന കെപിസിസി സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി യോഗത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഷാഫി പറമ്പിലിന്‍റെ കടുത്ത സമ്മര്‍ദ്ദം കണക്കിലെടുത്ത് വി ഡി സതീശന്‍ ശക്തമായി രാഹുല്‍ മാങ്കൂട്ടത്തിലിനായി നിലകൊണ്ടു. ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഉയര്‍ത്തിയ വാദങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല. അവസാനം പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം സതീശനും ഷാഫി പറമ്പിലിനുമായിരിക്കുമെന്ന മുന്നറിയിപ്പോടെ സുധാകരന്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മതം മൂളി.

അവസാന നിമിഷം വരെ പ്രതീക്ഷയോടെ കാത്തിരുന്ന സരിന്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടി. ഇതോടെ ക്ഷുഭിതനായ സരിന്‍ പരസ്യമായി വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തുകയായിരുന്നു. മാത്രമല്ല, ജില്ലയില്‍ ദീര്‍ഘകമാലമായി ഷാഫി പറമ്പിലിന്‍റെ എതിര്‍ ചേരിയില്‍ നിന്ന് പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപാടുപെടുന്ന സരിന്‍ ഇതു തന്നെ അവസരമായി കാണുകയും ചെയ്‌തു. സരിന്‍റെ ഈ നീക്കത്തോടെ മണ്ഡലത്തില്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സിപിഎം നേതൃത്വത്തിന് ഇതൊരു കച്ചിത്തുരുമ്പായി. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി സിപിഎം ജില്ലാ നേതൃത്വം ആശയ വിനിമയം നടത്തിയപ്പോള്‍ തുടര്‍ നീക്കങ്ങളുമായി മുന്നോട്ടു പോകാനുള്ള നിര്‍ദേശം ലഭിച്ചു.

ഇതോടെ സിപിഎം ജില്ലാ നേതൃത്വം സരിന് രഹസ്യ പിന്തുണ വാഗ്‌ദാനം ചെയ്‌തു. ഇതോടെയാണ് വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനും അതേ സമയം പരസ്യമായി കോണ്‍ഗ്രസിനെ തള്ളാതെയും സരിന്‍ രംഗത്തിറങ്ങിയത്. തന്നെ മനപൂര്‍വം വെട്ടി നിരത്താന്‍ ഷാഫി രംഗത്തിറക്കിയ തുറുപ്പു ചീട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നത് സരിന് കൃത്യമായറിയാം. ഈ സാഹചര്യത്തില്‍ രാഹുലിനെ പരാജയപ്പെടുത്തുന്നതിലൂടെ ഷാഫിക്ക് കനത്ത പ്രഹരമേല്‍പ്പിക്കാമെന്ന കണക്കു കൂട്ടലും സരിനുണ്ട്. ഇതു സംബന്ധിച്ച് ഇന്നും നാളെയും കോണ്‍ഗ്രസ് നേതൃത്വം എന്തു നിലപാടു സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. അതുണ്ടായില്ലെങ്കില്‍ പിന്നെ പന്ത് പതിക്കുക സിപിഎമ്മിന്‍റെ കോര്‍ട്ടിലാകും.

പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്‍റും എംഎല്‍എയുമായ എ വി ഗോപിനാഥും ഇത്തരത്തില്‍ കലാപക്കൊടിയുയര്‍ത്തി നിരന്തരമായി പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. അതിനു പിന്നാലെയാണ് ജില്ലയില്‍ നിന്നുള്ള മറ്റൊരു കരുത്തുറ്റ യുവ നേതാവായ സരിന്‍ കൂടി കോണ്‍ഗ്രസിനു മുന്നില്‍ അന്ത്യശാസനവുമായി എത്തുന്നത്. ജില്ലയില്‍ പാര്‍ട്ടിക്ക് ഒരു ലോക്‌സഭാംഗമുണ്ടെന്നതു ശരിയാണെങ്കിലും നിയമസഭാ മണ്ഡലങ്ങളില്‍ പാലക്കാടും മണ്ണാര്‍ക്കാടുമൊഴികെ മുഴുവന്‍ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണ്. 2021 ല്‍ ഷാഫിയാകട്ടെ ബിജെപി സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരനോടു വിയര്‍ത്തു കുളിച്ചാണ് കടന്നു കൂടിയത്.

ഈ സാഹചര്യത്തില്‍ സരിന്‍ കോണ്‍ഗ്രസിനു വെല്ലുവിളി ഉയര്‍ത്തി എതിര്‍ ചേരിയിലെത്തിയാല്‍ അതു പാലക്കാട് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. പക്ഷേ അന്തിമ വിജയം സിപിഎമ്മിനായിരിക്കുമോ ബിജെപിക്കായിരിക്കുമോ എന്നതു പ്രവചിക്കുക അസാധ്യമായിരിക്കും.

Also Read:രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം: പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, വാര്‍ത്താ സമ്മേളനം വിളിച്ച് സരിന്‍

ABOUT THE AUTHOR

...view details