എറണാകുളം : കേരളത്തിൽ ഇന്ന് (വെള്ളി) ദുൽഹജ്ജ് മാസപ്പിറവി കാണാൻ സാധ്യതയില്ല. ബലി പെരുന്നാൾ ജൂൺ പതിനെട്ടിന് ആകാൻ സാധ്യത. അതേസമയം ഹിജ്റ കലണ്ടർ പ്രകാരം കേരളത്തിൽ ഇന്ന് ദുൽഖഅദ് 29 ആണ്. ഇന്ന് ചന്ദ്രപ്പിറവി ദൃശ്യമായാൽ, നാളെ ദുൽഹജ്ജ് ഒന്നാകും. അങ്ങനെയെങ്കില്‍ ജൂൺ പതിനേഴിനായിരിക്കും ബലി പെരുന്നാൾ ആഘോഷിക്കുക.
കാലാവസ്ഥ നിരീക്ഷികർ നൽകുന്ന വിവര പ്രകാരം ഇന്ന് 6.48 നാണ് സൂര്യൻ അസ്‌തമിക്കുന്നത്. കേരളത്തില്‍ ആകാശത്ത് ഇന്ന് രാത്രി 7:49 വരെ ചന്ദ്രൻ ഉണ്ടാകുമെങ്കിലും
മേഘാവൃതമായ അന്തരീക്ഷമായതിനാൽ കാണാൻ സാധ്യയില്ല. ഏകദേശം ഒരു മണിക്കൂറോളം ചന്ദ്രൻ ആകാശത്തുണ്ടാകുമെങ്കിലും കാലവർഷ മേഘങ്ങൾ ഉള്ളതിനാൽ മാസപ്പിറവി ദർശനത്തിന് സാധ്യതയില്ലെന്നാണ് മെറ്റ് ബീറ്റ് വെതറിലെ കാലാവസ്ഥ നിരീക്ഷകർ നൽകുന്ന വിവരം.
സൗദി അറേബ്യയിൽ വ്യാഴാഴ്‌ച ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടർന്ന് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ജൂൺ 15 ന് നടക്കും. ജൂൺ 16 ആയിരിക്കും സൗദിയിൽ ബലിപെരുന്നാൾ. ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് (വെള്ളി) ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫിലെ മറ്റു രാജ്യങ്ങളിലും ജൂൺ 16 നാണ് പെരുന്നാൾ.