അഡ്വ. ഷമീം പക്‌സാൻ മാധ്യമങ്ങളോട് (Source: Etv Bharat Reporter) കോഴിക്കോട്: പന്തിരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തിനും എതിരെ കേസെടുത്തത് പൊലീസിന്‍റെ മുഖം രക്ഷിക്കാനെന്ന് പ്രതിഭാഗം അഭിഭാഷകൻ. സോഷ്യൽ മീഡിയകളിലും മറ്റ് വാർത്ത മാധ്യമങ്ങളിലും നിരന്തരം വരുന്ന പ്രചരണങ്ങൾക്കിടയിൽ മുഖം രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് പ്രതിയുടെ മാതാവിനും സഹോദരിക്കും സുഹൃത്തിനും എതിരെ കേസെടുത്തതെന്ന് അഡ്വ. ഷമീം പക്‌സാൻ ആരോപിച്ചു.
പരാതിക്കാരിയുടെ ആദ്യ മൊഴിയനുസരിച്ച് പ്രതിയുടെ അമ്മയോ സഹോദരിയോ ഏതെങ്കിലും വിധത്തിൽ
തനിക്കെതിരെ പ്രവർത്തിച്ചതായോ ഭീഷണിപ്പെടുത്തിയതായോ പരാതിപ്പെട്ടിട്ടില്ല. പരാതിക്കാരിക്ക് പരിക്കേറ്റ ആദ്യഘട്ടത്തിൽ തന്നെ കുറ്റാരോപിതനായ രാഹുൽ കോഴിക്കോട്ടെ മികച്ച സ്വകാര്യ ആശുപത്രിയിൽ പരാതിക്കാരിയെ ചികിത്സയ്ക്ക് എത്തിച്ചു. ഐടി സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസവും അറിവും പക്വതയും ഉള്ള പരാതിക്കാരി പരിക്കേറ്റതിന്‍റെ കാരണം കുളിമുറിയിൽ തെന്നി വീണതാണ് എന്നാണ് ഡോക്‌ടറോട് പറഞ്ഞതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
തൊട്ടടുത്ത ദിവസം അടുക്കള കാണൽ ചടങ്ങിന് എത്തിയ ബന്ധുക്കൾ മുഖത്തെ പാടുകണ്ട് ചോദിച്ചപ്പോൾ പരാതിക്കാരി രാഹുൽ മർദ്ദിച്ചു എന്ന് പറഞ്ഞുവെന്നും, അതിനുശേഷം പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെന്നുമാണ് പറയുന്നത്. പൊലീസിന്‍റെ നിർദ്ദേശപ്രകാരം ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പരിശോധിച്ചു. എന്നാൽ ആദ്യം പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറോട് കുളിമുറിയിൽ വീണു എന്നു പറഞ്ഞ പരാതിക്കാരി ആരുടെയോ സമ്മർദ്ദ ഫലമായി കേസ് ബലപ്പെടുത്തുന്നതിന് വേണ്ടി ഇത്തരത്തിൽ മൊഴി നൽകി എന്നാണ് തോന്നുന്നതെന്നും ഷമീം പക്‌സാൻ സംശയം പ്രകടിപ്പിച്ചു.
Also Read: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു, നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം
ബാഹ്യ സമ്മർദ്ദത്തിന്‍റെയും ഇടപെടലിന്‍റെയും ഫലമായാണ് വെറും കുടുംബ പ്രശ്‌നം മാത്രമായിരുന്ന സംഭവത്തിലെ കേസ് ഇന്ന് കാണും വിധത്തിലേക്ക് വഴിതിരിച്ചുവിട്ടത്. വിവാഹത്തിന് രാഹുൽ ചെലവാക്കിയ തുകയും ആയി ബന്ധപ്പെട്ട മുഴുവൻ രേഖകളും തൻ്റെ കൈവശമുണ്ടെന്നും, കേസുമായി യാതൊരുവിധ ബന്ധവുമില്ലാത്ത രാഹുലിന്‍റെ സഹോദരിയെയും മാതാവിനെയും സുഹൃത്തിനെയും അറസ്‌റ്റ് ചെയ്യാനുള്ള നീക്കം തടയാൻ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നും അഡ്വ ഷമീം പക്‌സാൻ അറിയിച്ചു.