തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സജി ചെറിയാൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. ധാർമികത മുൻനിർത്തി ഒരിക്കൽ രാജിവെച്ച സാഹചര്യത്തിൽ വീണ്ടും രാജിയുടെ ആവശ്യമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ഇന്ന് (നവംബർ 22) ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
കേസിൽ കൂടുതൽ നിയമോപദേശം തേടാനും സിപിഎം തീരുമാനിച്ചു. തന്‍റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്‌താവിച്ചതെന്ന സജി ചെറിയാന്‍റെ നിലപാടിനൊപ്പമാണ് പാർട്ടിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്.
അതിനാൽ അന്വേഷണം നടക്കട്ടെയെന്നും കോടതിയിൽ നിന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാജി വെക്കേണ്ടതില്ലെന്നും സിപിഎം വ്യക്തമാക്കി. അതേസമയം, സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായി.
2022 ജൂലൈ 3ന് പത്തനംതിട്ടയിലെ മലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയുണ്ടായ സജി ചെറിയാൻ്റെ പരാമർശമാണ് കേസിന് ആധാരം.'ഇന്ത്യയിൽ മനോഹരമായി എഴുതപ്പെട്ട ഒരു ഭരണഘടനയുണ്ടെന്ന് നാമെല്ലാവരും പറയുന്നു. എന്നാൽ ഏറ്റവും കൂടുതൽ ആളുകളെ ചൂഷണം ചെയ്യാൻ രൂപകൽപന ചെയ്‌ത മനോഹരമായ ഭരണഘടനയാണിതെന്ന് ഞാൻ പറയും'.
'മതേതരത്വം', 'ജനാധിപത്യം' തുടങ്ങിയ മൂല്യങ്ങളെ അദ്ദേഹം "കുന്തം", "കൊടചക്രം" എന്നിങ്ങനെ പരാമർശിച്ചു. അവ കേവലം അലങ്കാര പദങ്ങൾ മാത്രമാണെന്ന് സജി ചെറിയാൻ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ അടിച്ചമർത്തി കോർപ്പറേറ്റ് വമ്പന്മാരെ തഴച്ചുവളരാൻ ഭരണഘടന സഹായിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം വിവാദങ്ങൾക്കൊടുവിൽ രാജിവച്ച സജി ചെറിയാന്‍ 2023 ജനുവരിയിലാണ് വീണ്ടും പിണറായി വിജയന്‍റെ മന്ത്രിസഭയിൽ എത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.