കള്ളവോട്ട് കുരുക്കിൽ വീണ്ടും സിപിഎം; ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് മാർട്ടിൻ ജോർജ് കണ്ണൂർ:കല്യാശേരിയിൽ മുതിർന്നവർക്കായുള്ള വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ്. യുഡിഎഫ് മുൻകാലങ്ങളിൽ പറയുന്ന കാര്യങ്ങൾ ശരിവക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത് എന്നും ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു. സിപിഎം തെരഞ്ഞെടുപ്പിനെ ആട്ടിമറിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു.
85 വയസിനു മുകളിൽ പ്രായമുള്ളവരുടെ വോട്ടെടുപ്പാണ് സിപിഎമ്മിനെയും ബ്രാഞ്ച് സെക്രട്ടറിയേയും കുടുക്കിയത്. കണ്ണൂർ കല്യാശേരിയിൽ ഇന്നലെ നടന്ന വോട്ടെടുപ്പിനിടെയാണ് സംഭവം. കല്യാശ്ശേരി പഞ്ചായത്തിൽ 164-ാം ബൂത്തിലെ 92 വയസുള്ള ദേവകിയുടെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗണേശൻ രേഖപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് എൽഡിഫിനെ പ്രതിരോധത്തിൽ ആക്കിയത്.
സംഭവത്തിൽ വോട്ടിങ്ങിലെ ബാഹ്യ ഇടപെടൽ തടയുന്നതിൽ വീഴ്‌ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ജില്ല കളക്‌ടർ സസ്പെന്‍ഡ് ചെയ്‌തു. സ്പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്‌റ്റന്‍റ് മൈക്രോ ഒബ്‌സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. വോട്ടിങ്ങിന്‍റെ രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്‌ച പറ്റിയെന്നാണ് കണ്ടെത്തൽ. ഇവർക്ക് എതിരെ അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്‌തു.
അസി. റിട്ടേണിങ് ഓഫിസർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്‌ടർ അരുൺ കെ വിജയൻ ആണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തത്. നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്‌തിട്ടുമുണ്ട്.
ഗണേശൻ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ 128(1) വകുപ്പിന്‍റെ ലംഘനമാണെന്നും ജില്ല കളക്‌ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ല കളക്‌ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 171 (സി) വകുപ്പിന്‍റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിലും കാസർകോട് പാർലമെന്‍റ് മണ്ഡലത്തിൽപ്പെട്ട ചെറുതാഴത്ത് സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്‌തിനെ തുടർന്ന് റീപോളിങ് ചെയ്യേണ്ടി വന്നിരുന്നു. കള്ളവോട്ട് ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കാൻ ഈ വിഷയവും പൊതുരംഗത്തേക്ക് ഇടുകയാണ് യുഡിഎഫ്.
Also Read: 'സിപിഎം വടകരയിൽ കള്ളവോട്ടിന് നീക്കം നടത്തുന്നു'; ആരോപണവുമായി യുഡിഎഫ് ഹൈക്കോടതിയിൽ