പാലാ നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ പാലാ നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടത്തെ സിപിഎം പുറത്താക്കി (ETV Bharat) കോട്ടയം:പാലാ നഗരസഭയിലെ സിപിഎം കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് നടപടി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ ബിനു വിമർശനം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് വിമത പ്രവർത്തനം നടത്തിയെന്ന പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ല കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു.
പാലായിൽ കേരള കോൺഗ്രസിൻ്റെ എതിർപ്പിനെ തുടർന്ന് ചെയർമാൻ സ്ഥാനം നഷ്‌ടമായ സിപിഐഎം കൗൺസിലർ ബിനു പുളിക്കകണ്ടം പ്രതിഷേധ സൂചകമായി കറുപ്പ് വസ്‌ത്രം ധരിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചെയർമാൻ സ്ഥാനം നഷ്‌ടപ്പെട്ടതിന് പിന്നാലെ കറുപ്പ് വസ്‌ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളിൽ എത്തിയിരുന്നത്. ഒന്നര വർഷം മുമ്പ് തനിക്ക് അർഹമായ നഗരസഭ അധ്യക്ഷ സ്ഥാനം ജോസ് കെ മാണിയുടെ പിടിവാശി മൂലം നഷ്‌ടമായി എന്നായിരുന്നു ബിനുവിന്‍റെ ആരോപണം.
ഇതിനിടെ താൻ പ്രതിഷേധ സൂചകമായി കറുപ്പ് വസ്‌ത്രം ധരിക്കുന്നത് നിർത്തുന്നതായി പ്രഖ്യാപിച്ച് ബിനു പുളിക്കകണ്ടം ഇന്ന് രംഗത്തെത്തിയിരുന്നു. നിലപാട് ഇല്ലാത്ത ജോസ് കെ മാണിയോട് രാഷ്‌ട്രീയ യുദ്ധത്തിന് ഇല്ലെന്നായിരുന്നു ബിനു പുളിക്കകണ്ടത്തിന്‍റെ വിശദീകരണം. ജനങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകാതെ പാർലമെൻ്ററി സ്ഥാനങ്ങൾ നേടിയെടുക്കുന്ന ജോസ് കെ മാണിക്ക് രാഷ്‌ട്രീയ മര്യാദയില്ലെന്നും ബിനു വിമർശിച്ചു.
ജോസ് കെ മാണിയുടെ സമ്മർദത്തെ തുടർന്ന് രാജ്യസഭ സീറ്റ് സിപിഐഎം വിട്ടു നൽകിയെന്നും രണ്ടു വിഷയങ്ങളിലും സിപിഐഎം കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കിയെന്നും ബിനു പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ബിനു പുളിക്കകണ്ടത്തിനെതിരെ പാർട്ടി നടപടിയെടുത്തത്.
ALSO READ:'ജോസ് കെ മാണിയോട് രാഷ്‌ട്രീയ യുദ്ധത്തിനില്ല'; കറുപ്പ് വസ്‌ത്രമണിഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിച്ച് ബിനു പുളിക്കകണ്ടം