തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സിപിഎമ്മിനു പിന്നാലെ സിപിഐയും അവരുടെ നാല് ലോക്‌സഭ സീറ്റുകളിലേക്കുള്ള പോരാളികളെ നിശ്ചയിച്ചു. പുതുമുഖങ്ങളും പരിചയസമ്പന്നരും ചേര്‍ന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് സിപിഐ സംസ്ഥാന നേതൃത്വം തയ്യാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം (CPI Candidate List Revealed for Loksabha Elections).
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് തിരുവനന്തപുരത്ത് മത്സരിക്കാന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ജനകീയ മുഖവുമായ പന്ന്യന്‍ രവീന്ദ്രന്‍ സമ്മതമറിയിച്ചു. പാര്‍ട്ടിയുടെ മറ്റൊരു സീറ്റായ മാവേലിക്കരയില്‍ സിപിഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും കൃഷിമന്ത്രി പി പ്രസാദിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സിഎ അരുണ്‍കുമാറും, തൃശൂരില്‍ മുന്‍ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും, വയനാട്ടിൽ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയും മത്‌സരിക്കും. ഇന്നു ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തരുമാനമായത്. 26 ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ്, സംസ്ഥാന സമിതി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
അനന്തപുരി പിടിക്കാൻ പന്ന്യൻ:ഇത് രണ്ടാം തവണയാണ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്തു നിന്ന് ജനവിധി തേടുന്നത്. 2005 ല്‍ തിരുവനന്തപുരത്തെ സിറ്റിങ് എംപിയായ പികെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭാംഗമായി. എന്നാല്‍ 2009ല്‍ അദ്ദേഹം മത്സരരംഗത്തു നിന്നു മാറി നിന്നു. 2009നു ശേഷം പാര്‍ട്ടിയെ കൈവിട്ട തിരുവനന്തപുരത്ത് കരുത്തുകാട്ടാന്‍ പന്ന്യന്‍റെ സ്ഥാനാര്‍ത്ഥിത്വം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
മാവേലിക്കരയില്‍ പുതുമുഖം: മാവേലിക്കരയില്‍ യുഡിഎഫിന്‍റെ ശക്തനായ സിറ്റിംഗ് എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ മത്സരിക്കുന്നത് പാര്‍ലമെന്‍ററി മത്സരരംഗത്ത് പുതുമുഖമായ സിഎ അരുണ്‍കുമാറാണ്. മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള പുതുമുഖമെന്ന നിലയിലാണ് യുവാവായ സിഎ അരുണ്‍കുമാറിനെ പാര്‍ട്ടി രംഗത്തിറക്കുന്നത്. സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫിന്‍റെ സംസ്ഥാന ജോയന്‍റ് സെക്രട്ടറിയും, പാര്‍ട്ടി യുവജന വിഭാഗമായ എഐവൈഎഫ് ആലപ്പുഴ ജില്ല സെക്രട്ടറിയും പ്രസിഡന്‍റുമായിരുന്നു. നിലവില്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്. കായകുളം സ്വദേശിയും കായംകുളം ബാറിലെ അഭിഭാഷകനുമായിരുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിയായ പി പ്രസാദിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് ഈ 38 കാരന്‍.
തൃശൂർ എടുക്കാൻ സുനിൽകുമാർ: തൃശൂരിലെ സിപിഐയുടെ ജനകീയ മുഖമെന്നറിയപ്പെടുന്ന വിഎസ് സുനില്‍കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറേ തീരുമാനിക്കപ്പെട്ടതായിരുന്നു. രണ്ട് തവണ തുടര്‍ച്ചയായി തൃശൂരില്‍ നിന്നുള്ള എംഎല്‍എയും, ഒന്നാം പിണറായി മന്ത്രിസഭയില്‍ കൃഷി മന്ത്രിയുമായിരുന്നു. സിപിഐയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന തൃശൂരില്‍ ശക്തമായ മത്സരം കാഴ്‌ചവയ്ക്കാന്‍ സുനില്‍കുമാറിന് സാധിക്കുമെന്നു പാര്‍ട്ടി കരുതുന്നു. സുരേഷ് ഗോപിയിലൂടെ ബിജെപി വെല്ലുവിളിയുയര്‍ത്തുന്ന സമയത്ത് പ്രത്യേകിച്ചും.
Also Read: കെ രാധാകൃഷ്‌ണന്‍, കെകെ ശൈലജ, തോമസ് ഐസക് ; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി
വയനാട്ടിൽ ആനി രാജ: യുഡിഎഫിന്‍റെ ഉറച്ച മണ്ഡലമായി കണക്കാക്കപ്പെടുന്ന വയനാട് രാഹുല്‍ ഗാന്ധി പ്രതിനിധിരിക്കുന്ന മണ്ഡലം എന്ന നിലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയോടേറ്റുമുട്ടി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി പി സുനീര്‍ തളര്‍ന്നു വീണ മണ്ഡലത്തിലേക്കാണ് ആനി രാജയെ സിപിഐ നിയോഗിക്കുന്നത്. വയനാട്ടില്‍ വീണ്ടും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നുറപ്പില്ലെങ്കിലും സിപിഐ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു കഴിഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഭാര്യായായ ആനി രാജ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ആറളം സ്വദേശിയാണ്. വയനാട് ലോക്‌സഭ മണ്ഡലത്തിലെ മാനന്തവാടി നിയമസഭ മണ്ഡലത്തോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകൂടിയാണ് ആറളം. ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐക്കെതിരെ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിലെ അനൗചിത്യം സിപിഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.