ആലപ്പുഴ:കുതിരപ്പന്തി അശ്വതി നിവാസിൽ റിട്ട.നഴ്‌സിങ് അസിസ്റ്റന്‍റ് സുബ്രഹ്മണ്യ(57)നും കുതിരപ്പന്തി രാധാ നിവാസിൽ അങ്കണവാടി ജീവനക്കാരിയായ കൃഷ്‌ണകുമാരി(50)യും 14 വര്‍ഷങ്ങല്‍ക്ക് ശേഷം വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചു. കുടുംബകോടതി ജഡ്‌ജിയുടെയും അഭിഭാഷകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെ കരുതിയാണ് തീരുമാനം.
2006 ആഗസ്റ്റ് 31-നായിരുന്നു ഇരുവരുടെയും വിവാഹം. 2008 - ൽ ഇവർക്കൊരു പെൺകുട്ടി ജനിച്ചു. പിന്നീടുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും 2010 മാർച്ച് 29ന് ആലപ്പുഴ കുടുംബകോടതി മുഖേന വിവാഹമോചിതരായി.
സുബ്രഹ്മണ്യൻ പിന്നീട് ക്യഷ്‌ണകുമാരിക്കും, മകൾക്കും നൽകാനുള്ള മുഴുവൻ സാമ്പത്തിക ബാധ്യതയും തീർത്ത് സംയുക്തമായി കരാറും തയ്യാറാക്കി. എന്നാൽ കൃഷ്‌ണകുമാരി മകൾക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബകോടതിയെ സമീപിച്ചു. കുടുംബകോടതി ജഡ്‌ജി വിദ്യാധരൻ കേസ് ചേംബറിൽ പരിഗണിച്ചു.
ഇരുവരും പുനർവിവാഹിതരല്ലാത്തതിനാൽ മകളുടെ ഭാവിയെ കരുതി പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ച് ഒന്നിച്ചു കഴിയാൻ നിർദേശിച്ചു. ഇരുകക്ഷികളും അഭിഭാഷകരും നിർദേശം അംഗീകരിച്ചു. കുട്ടിയോടൊപ്പം ഒരുമിച്ച് കഴിയാനും തീരുമാനിച്ചു. ഇരുവരും അടുത്ത ദിവസം തന്നെ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യും.
സുബ്രഹ്മണ്യന് വേണ്ടി അഭിഭാഷകരായ ആർ രാജേന്ദ്രപ്രസാദ്, വിമി എസ്, സുനിത ജി എന്നിവരും കൃഷ്‌ണകുമാരിക്ക് വേണ്ടി സൂരജ് ആർ മൈനാഗപ്പള്ളിയുമാണ് കോടതിയില്‍ ഹാജരായത്.