ന്യൂഡല്‍ഹി : ആലപ്പുഴ കളര്‍കോട് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്‌ടമായ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍ എംപി. ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയിലെ സാങ്കേതിക പിഴവുകളെക്കുറിച്ചുള്ള ചോദ്യത്തിന്‍റെ ഉപചോദ്യമായാണ് ആലപ്പുഴ അപകടം വേണുഗോപാല്‍ ഉന്നയിച്ചത്. അപകടം നടന്ന റോഡില്‍ ബ്ലാക്ക് സ്പോട്ട് ഉണ്ടെന്നായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്‌കരിയുടെ മറുപടി. 40,000 കോടി രൂപ ബ്ലാക്ക് സ്പോട്ടുകള്‍ നീക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റോഡ് ഡിസൈനിങ്ങിലെ പ്രശ്‌നങ്ങളാണ് അപകടത്തിന് കാരണമായത് എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. നിയമങ്ങൾ നിർമിച്ചിട്ടും എന്തുകൊണ്ട് അത് നടപ്പാകുന്നില്ലെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ആലപ്പുഴയിലെ അപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികളുടെ ജീവൻ നഷ്‌ടമായി. 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് സെക്യൂരിറ്റി നിയമം, ഗുഡ് സമരിറ്റിൻ നിയമം എല്ലാം പാസാക്കി. ദേശീയപാതയുടെ ഡിസൈനിങ് എല്ലാം നിര്‍മിച്ചിട്ടുണ്ട്. അപകടത്തിന് ഡിസൈനും കാരണായി. നിയമങ്ങൾ എല്ലാം നിർമിച്ചെങ്കിലും അതൊന്നും നടപ്പായില്ല. ഇതില്‍ ഗതാഗത മന്ത്രിക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്' - കെസി വേണുഗോപാല്‍ ചോദിച്ചു.
വിദ്യാര്‍ഥികള്‍ മരണമടഞ്ഞ റോഡില്‍ ബ്ലാക്ക് സ്പോട്ട് ഉണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്‌കരി മറുപടി നല്‍കി. എറണാകുളം ബൈപാസിലാണ് അപകടം നടന്നത്. കേരളത്തിലെ രണ്ട് നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് പ്രശ്‌നങ്ങളുള്ളത്. ഇതാകട്ടെ എറണാകുളം ബൈപ്പാസിലാണ്. ഈ റോഡ് ബിഒടിയില്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.
കരാറുകാരന്‍ കോടതിയെ സമീപിച്ചതിനാല്‍ നിര്‍മാണം നിയമക്കുരുക്കിലാണ്. നിയമ പ്രശ്‌നം മറികടന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ഈ റോഡിലും ബ്ലാക്ക് സ്പോട്ടുകളുണ്ട്. വിദ്യാര്‍ഥികള്‍ മരണമടഞ്ഞ റോഡിലും ബ്ലാക്ക് സ്പോട്ട് ഉണ്ട്. 40,000 കോടി രൂപ ബ്ലാക്ക് സ്പോട്ടുകള്‍ നീക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കും.
ഡിപിആറിലെ പിഴവുകളെ തുടര്‍ന്നാണ് ബ്ലാക്ക് സ്പോട്ടുകളുണ്ടാവുന്നത്. അപകടത്തിന് നാല് കാരണങ്ങളുണ്ട്. റോഡ് എഞ്ചിനീയറിങ്ങിലെ പ്രശ്‌നങ്ങള്‍, ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്, നിയമം നടപ്പാക്കുന്നതിലെ വീഴ്‌ചകള്‍, ജനങ്ങളിലെ അവബോധമില്ലായ്‌മ.