തിരുവനന്തപുരം : കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം ലഭിച്ചതിനു ശേഷം വിവിധ തരം മാഫിയകൾ സിപിഎമ്മിനെ കീഴടക്കിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുടെയും പൊലീസിൻ്റെയും സഹായത്തോടെയാണ് മാഫിയകൾ തഴച്ചുവളർന്നതെന്ന് അദ്ദേഹം വിമർശിച്ചു.
മാഫിയകൾ തമ്മിലുള്ള മത്സരത്തിൻ്റെ പോർവിളികളാണ് സിപിഎം ജില്ല കമ്മറ്റി യോഗങ്ങളിൽ മുഴങ്ങുന്നത്. സിപിഎം പ്രാദേശിക ഘടകങ്ങളിൽ ഉളള പലരും ക്വട്ടേഷൻ സംഘങ്ങളാണ്. ചെങ്കൊടി കണ്ടാൽ ജനങ്ങൾക്ക് പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്. സിപിഎം നേതാക്കളുടെ മക്കളും ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളുമാണ് മാഫിയ തലവന്മാർ.
ഇവരുടെ ആദായകരമായ തൊഴിൽ എന്നത് സ്വർണ കടത്ത്, ലഹരി മരുന്നു വിൽപ്പന, റിയൽ എസ്റ്റേറ്റ് കച്ചവടം, ഗുണ്ട പ്രവർത്തനം എന്നിവയാണ്. സൈബർ ഗുണ്ടായിസം ഉപയോഗിച്ചാണ് പ്രതിയോഗികളെ ഇവർ വീഴ്ത്തുന്നത്. ഫേസ്ബുക്കിലെ കാഫിർ പ്രയോഗ വ്യാജ നിർമിതിയുടെ ഉപജ്ഞാതാവ് ഒരു സിപിഎം ജില്ല സെക്രട്ടറിയുടെ മകനാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.
Also Read:പാർട്ടിക്കെതിരെ സംസാരിച്ചതിന്‍റെ പേരിൽ ഒരാളും കൊല്ലപ്പെടാൻ പാടില്ല, കോൺഗ്രസിലേക്ക് വരണമോയെന്ന് മനു തോമസ് തീരുമാനിക്കട്ടെ: രാഹുല്‍ മാങ്കൂട്ടത്തില്‍