കേരളം

kerala

ETV Bharat / state

വിദ്വേഷ പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്താന്‍ ശ്രമം: ബിജെപി മന്ത്രിയുടെ മിനി പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ - MINI PAKISTAN REMARK

പ്രസ്‌താവന അപലപനീയം. കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയാറാകാത്തത് അതിശയകരമെന്നും മുഖ്യമന്ത്രി.

CM ON MINI PAKISTAN REMARK  BJP MINISTER NITESH RANE ON KERALA  മിനി പാകിസ്ഥാന്‍ പ്രസ്‌താവന  NITESH RANE CONTROVERSY
CM Pinarayi Vijayan (ANI)

By ETV Bharat Kerala Team

Published : Dec 31, 2024, 1:47 PM IST

തിരുവനന്തപുരം :കേരളത്തെ മിനി പാകിസ്ഥാന്‍ എന്നുവിശേഷിപ്പിച്ച മഹാരാഷ്‌ട്ര ബിജെപി മന്ത്രി നിതേഷ് റാണെയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തികച്ചും പ്രകോപനപരവും അപലപനീയവുമായ പരാമര്‍ശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് അധികാരം ഇല്ലാത്ത ഇടങ്ങളെ വിദ്വേഷ പ്രചരണങ്ങള്‍ കൊണ്ടും വിഭജന രാഷ്‌ട്രീയം കൊണ്ടും ഒറ്റപ്പെടുത്താനും പാര്‍ശ്വവത്‌കരിക്കാനും ശ്രമിക്കുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യമന്ത്രി ആരോപിച്ചു.

'കേരളത്തെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ച് മഹാരാഷ്‌ട്ര ബിജെപി മന്ത്രി നിതേഷ് റാണെ നടത്തിയ പരാമര്‍ശം അന്ത്യന്തം പ്രകോപനപരവും അപലപനീയവുമാണ്. കേരളത്തോടുള്ള സംഘപരിവാറിന്‍റെ അടിസ്ഥാന സമീപനമാണ് ഇത് സൂചിപ്പിക്കുന്നത്. അവര്‍ക്ക് സ്വാധീനമില്ലാത്ത ഇടങ്ങളെ, വിദ്വേഷ പ്രചരണങ്ങളിലൂടെയും ഭിന്നതയുണ്ടാക്കുന്ന വിവരണങ്ങളിലൂടെയും ഒറ്റപ്പെടുത്താനും പാര്‍ശ്വവത്‌കരിക്കാനും കഴിയുമെന്നാണ് സംഘപരിവാര്‍ വിശ്വസിക്കുന്നത്. റാണെയുടെ പരാമര്‍ശം അതിന് ഉത്തമ ഉദാഹരണമാണ്' പിണറായി വിജയന്‍ പറഞ്ഞു.

ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ മന്ത്രിയ്‌ക്കെതിരെ പ്രതികരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. ഇത്തരം വിദ്വേഷ പ്രസ്‌താവനകള്‍ നടത്തുന്ന ഒരാള്‍ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'വിദ്വേഷം നിറഞ്ഞ ഇത്തരം പരാമർശങ്ങൾ നടത്തുന്ന ഒരു മന്ത്രി, പദവിയിൽ തുടരാൻ യോഗ്യനല്ല. ഭരണഘടനാ മൂല്യങ്ങളുടെയും സത്യപ്രതിജ്ഞയുടെയും നഗ്നമായ ഈ ലംഘനത്തിനെതിരെ പ്രതികരിക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം തയാറാകാത്തത് അതിശയകരമാണ്' -പിണറായി വിജയന്‍ പറഞ്ഞു.

തിങ്കളാഴ്‌ചയായിരുന്നു (ഡിസംബര്‍ 30) നിതേഷ് റാണ മിനി പാകിസ്ഥാന്‍ പരാമര്‍ശം നടത്തിയത്. കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അക്കാരണത്താലാണെന്നും നിതേഷ് റാണെ പറഞ്ഞിരുന്നു.

'കേരളം മിനി പാകിസ്ഥാൻ ആണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്‍റെ സഹോദരിയും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്‌തു. നിങ്ങള്‍ക്ക് ചോദ്യങ്ങളുണ്ടാകും, പക്ഷേ സത്യം ഇതാണ്. തീവ്രവാദികളെ ഒപ്പംകൂട്ടിയ ശേഷം അവര്‍ എംപിമാരായി.' - പൂനെ ജില്ലയിലെ പുരന്ദർ താലൂക്കിലെ റാലിയില്‍ സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ കേരളം ഇന്ത്യയുടെ ഭാഗമാണെന്നും കേരളത്തിലെയും പാകിസ്ഥാനിലെയും സാഹചര്യങ്ങൾ താരതമ്യം ചെയ്യുക മാത്രമാണ് താൻ ചെയ്‌തതെന്നും റാണെ പറഞ്ഞു.

Also Read: 'കേരളം മിനി പാകിസ്ഥാന്‍'; വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപിയെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

ABOUT THE AUTHOR

...view details