കണ്ണൂര്‍ : ലാളിത്യവും സൗന്ദര്യവും ശുചിത്വവുമുളള ഒരു ഗ്രാമത്തെ വര്‍ത്തമാനകാലത്ത് സങ്കല്‍പ്പിക്കാനുകമോ ? എന്നാല്‍ ഇതെല്ലാം തികഞ്ഞ ഗ്രാമങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍പെട്ട ധര്‍മ്മടം പഞ്ചായത്തിലുണ്ട് (Clean Villages in Kannur). പഴയ കാലത്തെ ഊരുകളായ മേലൂര്, അണ്ടലൂര്, പാലയാട്, ധര്‍മ്മടം എന്നീ ചെറു ഗ്രാമങ്ങളിലാണ് ശുചിത്വ ബോധം ഇന്നും ഉയര്‍ന്നു നില്‍ക്കുന്നത്.
പുതുതലമുറയുടെ ജങ്ക്ഫുഡ് പാക്കറ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വീട്ടുപറമ്പില്‍ പോലും കാണില്ല. വീടും വീട്ട് മുറ്റവും തൊടിയുമെല്ലാം ഈ ഗ്രാമങ്ങളില്‍ വൃത്തിയോടും വെടിപ്പോടും സൂക്ഷിക്കുന്നു. ചപ്പുചവറുകള്‍ തെങ്ങിന്‍ ചുവട്ടിലും വാഴക്കൂട്ടങ്ങളിലും വളമായി നല്‍കി വീട്ടുപറമ്പുകള്‍ പോലും വൃത്തിയില്‍ സൂക്ഷിക്കാന്‍ ശീലിച്ചവരാണ് ഈ നാട്ടുകാര്‍. കോട്ടകള്‍ പോലെ ഉയര്‍ന്ന് നില്‍ക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ നഗര -ഗ്രാമ ഭേദമെന്യേ കാണുന്ന നാട്ടില്‍ ഇടത്തരം വീടുകളുടെ ലാളിത്യം ഈ ഗ്രാമങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്നു.
ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങള്‍ അധിവസിക്കുന്ന ഈ ദേശങ്ങളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ആര്‍ഭാട വീടുകള്‍. വീടും വീട്ട് മുറ്റവും മാത്രമല്ല വീട്ടിലേക്കുള്ള വഴികളും വൃത്തിയില്‍ സൂക്ഷിക്കപ്പെടുന്നു. ചിറക്കുനിയില്‍ നിന്ന് മേലൂര്‍ ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡും അണ്ടലൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡും മാലിന്യ മുക്തമാണ്. ഈ ഗ്രാമങ്ങളിലേക്കുള്ള പ്രധാന കവാടം ചിറക്കുനിയാണ്. ഒരു നഗരത്തിന്‍റെ തിരക്കുകളെല്ലാമുണ്ടെങ്കിലും മൂക്കുപൊത്താതെ നടക്കാം. ഈ രണ്ട് പ്രധാന റോഡില്‍ നിന്നും വേര്‍പിരിയുന്ന ചെറു റോഡുകളും സുന്ദരമാണ്. നഗരപാതകളുടെ ഓരങ്ങളില്‍ മാലിന്യം കണ്ട് മടുത്തവര്‍ക്ക് ഈ ഗ്രാമത്തിലെ ഏത് കോണിലൂടെ നടക്കുമ്പോഴും അനുഭവപ്പെടുന്നത് ശുചിത്വത്തിന്‍റെ അനുഭൂതിയാകും.