യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് (ETV Bharat) കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ പ്രതിഷേധിച്ച് കലക്‌ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് കുറിച്ചി നിയോജക മണ്ഡലം പ്രസിഡന്‍റ് നിജു, യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ ഗൗരി ശങ്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് തടയാന്‍ പൊലീസ് കലക്‌ടറേറ്റ് കവാടത്തില്‍ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കവേയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
സംഘര്‍ഷത്തിനിടെ പൊലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കാന്‍ ശ്രമിച്ചു. വനിത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉള്‍പ്പെടെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു. ഇതോടെ പ്രവർത്തകർ കലക്‌ടറേറ്റിന് മുമ്പിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ നേരം നീണ്ട പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
ഇന്ന് (ജൂണ്‍ 13) ഉച്ചയോടെയാണ് പ്രവര്‍ത്തകര്‍ കലക്‌ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മന്ത്രിമാരായ എംബി രാജേഷ്, മുഹമ്മദ് റിയാസ് എന്നിവരുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിത ബാബുവാണ് ഉദ്ഘാടനം ചെയ്‌തത്. ജില്ല അധ്യക്ഷൻ ഗൗരി ശങ്കർ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ALSO READ:പോരാളി ഷാജിയെ പുറത്തു കൊണ്ടുവരാൻ എംവി ജയരാജൻ: പോര് മുറുകുന്നു.