ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു പ്രതിഷേധ ധർണ തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റിലും ലൈസൻസ് എടുക്കുന്നതിലും പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നീക്കത്തിനെതിരെ ഭരണപക്ഷ സംഘടനയായ സിഐടിയു രംഗത്ത്. സിഐടിയു നേതൃത്വം നൽകുന്ന ഓൾ കേരള ഡ്രൈവിങ്ങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ കെ ദിവാകരൻ ആണ് രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.
ഗണേഷ്‌കൂമാര്‍ എല്‍ഡിഎഫ് മന്ത്രി ആണെന്ന് ഓർക്കണമെന്ന് കെ കെ ദിവാകരൻ പറഞ്ഞു. ആവശ്യമെങ്കിൽ മന്ത്രിയെ തടയും. മന്ത്രിയെ നിയന്ത്രിക്കണമെന്നും, തൊഴിലാളികൾ വിചാരിച്ചാൽ അത് നടക്കുമെന്നും കെ കെ ദിവാകരൻ വ്യക്‌തമാക്കി.
മന്ത്രിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സിഐടിയു പ്രതിഷേധ ധർണ നടത്തി. ഫെബ്രുവരി 21ലെ സർക്കുലർ പിൻവലിക്കണമെന്നും, ഡ്രൈവിങ് ടെസ്‌റ്റ് നടത്തേണ്ട സ്ഥലം സർക്കാർ തന്നെ കണ്ടെതണമെന്നും, ലേണേഴ്‌സ് ടെസ്‌റ്റ് ഡേറ്റ് സ്ലോട്ട് 30 ൽ നിന്ന് പഴയ പടി ആക്കണമെന്നും കെ കെ ദിവാകരൻ ആവശ്യപ്പെട്ടു.
Also read :കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ; ആദ്യഘട്ടത്തില്‍ 22 പരിശീലന കേന്ദ്രങ്ങൾ
50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം. കോർപ്പറേറ്റുകൾക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്‌കാരം കേരളത്തിൽ നടത്താൻ എത്തിന് വാശി പിടിക്കുന്നു. ചർച്ച ചെയ്യാമെന്ന വാക്ക് മന്ത്രി പാലിക്കുന്നില്ല. മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്യും. ആവശ്യമെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്നും കെ കെ ദിവാകരൻ കൂട്ടിച്ചേര്‍ത്തു.