തിരുവനന്തപുരം: എക്സാലോജിക് സി എം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന രജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നെയാണ്. അതുകൊണ്ടാണ് അവസാന നിമിഷം വരെ ശിവശങ്കറെ മുഖ്യമന്ത്രി കൈവിടാത്തത്. ഇയാളെ അറസ്റ്റ് ചെയ്താൽ എല്ലാ സത്യങ്ങളും പുറത്ത് വരും(Chennithala Slams Pinarayi Vijayan On Exalogic Scam). ഒന്നാം പിണറായി സർക്കാരിന്‍റെ കാലം മുതലുള്ള എല്ലാ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് നടന്നിരിക്കുന്നതതെന്നു തെളിയക്കപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പിണറായിക്ക് മുന്നിൽ തിരുവായിക്ക് എതിർവായി ഇല്ലാത്ത അവസ്ഥയിലായി നിൽക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സർക്കാരും ഇത്രത്തോളം അധഃപതിച്ച കാലഘട്ടമുണ്ടായിട്ടില്ല. ലോകത്തെമ്പാടും കമ്യൂണിസ്റ്റ് ആശയം പരാജയപ്പെട്ടതു പോലെ കേരളത്തിലും സമാനമാറ്റം വൈകാതെ നമുക്ക് കാണാനാകും.