കേരളം

kerala

ETV Bharat / state

ചാലിയാറിന്‍റെ ഓളപരപ്പില്‍ 68 കിലോമീറ്റര്‍ കയാക്കിങ്; ഒപ്പം മാലിന്യ ശേഖരണം, റിവര്‍ പാഡിലിന് വെള്ളിയാഴ്‌ച തുടക്കമാകും - Chaliyar River Paddle 2024

10ാമത് ചാലിയാര്‍ റിവര്‍ പാഡിലിന് വെള്ളിയാഴ്‌ച നിലമ്പൂരില്‍ തുടക്കമാവും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. കയാക്കിങ്ങിനിടെ പുഴയിലെ മാലിന്യങ്ങള്‍ ശേഖരിക്കും.

CHALIYAR KAYAKKING Will Start  Chaliyar River Paddle  Nilambur Chaliyar River Paddle  ചാലിയാറിലെ റിവര്‍ പാഡിലിന് തുടക്കം
Chaliyar River Paddle (ETV Bharat)

By ETV Bharat Kerala Team

Published : Oct 2, 2024, 7:09 PM IST

കോഴിക്കോട്: 10ാമത് ചാലിയാര്‍ റിവര്‍ പാഡിലിന് വെള്ളിയാഴ്‌ച (ഒക്‌ടോബര്‍4) നിലമ്പൂരില്‍ തുടക്കമാവും. മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് വൈകിട്ട് 3നാണ് കയാക്കിങ് ബോധവത്‌കരണ യാത്ര ആരംഭിക്കുക. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലുമായാണ് യാത്ര.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്റോറന്‍റ്, ഗ്രീന്‍ വേംസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. പിവി അബ്‌ദുല്‍ വഹാബ് എംപി യാത്ര ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്‌ടര്‍ റിന്‍സി ഇക്ബാല്‍, മുഖ്യ പരിശീലകന്‍ പ്രസാദ് തുമ്പാണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും 60 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. 10 മുതല്‍ 70 വയസുവരെയുള്ളവര്‍ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. ലോക കയാക്കിങ് താരങ്ങളോടൊപ്പം തുടക്കകാര്‍ക്കും തുഴയെറിയാം എന്നതാണ് ചാലിയാര്‍ റിവര്‍ പാഡിലിന്‍റെ സവിശേഷത. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് കയാക്കിങ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് ചാലിയാര്‍ പുഴയില്‍ നിന്നും ഏകദേശം 2000 കിലോഗ്രാം മാലിന്യം ശേഖരിക്കുവാനാണ് സംഘം ലക്ഷ്യമിടുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസിന്‍റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുനഃചംക്രമണത്തിന് അയയ്ക്കുമെന്നും കൗഷിക്ക് കൂട്ടിച്ചേര്‍ത്തു.

പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്‍റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തുമെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് മുഖ്യ പരിശീലകന്‍ പ്രസാദ് തുമ്പാണി പറഞ്ഞു. ചാലിയാറിന്‍റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധ തരം ജല കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തുമെന്നും പ്രസാദ് പറഞ്ഞു. ചാലിയാറിന്‍റെ ഓളപരപ്പില്‍ മൂന്ന് ദിവസം തുടരുന്ന കയാക്കിങ് ബോധവത്‌കരണ യാത്ര ഞായറാഴ്‌ച (ഒക്‌ടോബര്‍ 6) സമാപിക്കും.

Also Read:ഫോഗി മലനിരകളും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും; ട്രിപ്പ് വൈബാക്കാന്‍ പ്രകൃതി കനിഞ്ഞയിടം, മലബാറിലെ 'മിനി ഗവി'യായി കക്കാടംപൊയില്‍.

ABOUT THE AUTHOR

...view details