ന്യൂഡൽഹി: കേരളത്തിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടെന്ന് തുറന്നടിച്ച് കേന്ദ്രസർക്കാർ. അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ സംസ്‌ഥാനം സുപ്രീം കോടതിയില്‍ നല്‍കിയ സ്യൂട്ട് ഹർജിയിൽ കേന്ദ്രം സമർപ്പിച്ച കുറിപ്പിലാണ് സംസ്ഥാന ധനകാര്യ വകുപ്പിനെതിരെ ഗുരുതര പരാമർശങ്ങളുള്ളത്. ധനകാര്യ കമ്മീഷന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക കേരളത്തിന് അനുവദിച്ചതായും, അതിനാല്‍ കടമെടുപ്പ് പരിധി ഉയർത്താനാവില്ലെന്നും എജി മുഖേന കേന്ദ്ര ധനകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു (Central Government Criticises Kerala).
കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന ബജറ്റിന് മുന്‍പ് തന്നെ പരിഗണിക്കണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ 46 പേജുള്ള കുറിപ്പ് കൈമാറിയത് (Kerala Budget 2024).
കുറിപ്പിൽ കേരളം എടുക്കുന്ന കടം ശമ്പളവും പെൻഷനും ഉൾപ്പടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നതായി കേന്ദ്രം കുറ്റപ്പെടുത്തി. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്‍റുള്ള സംസ്ഥാനമാണ് കേരളം. 2018 - 2019 വര്‍ഷത്തിൽ സംസ്‌ഥാനത്തിന്‍റെ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കിൽ 202 -22 ൽ അത് 39 ശതമാനമായി ഉയർന്നു. കടമെടുപ്പിന്‍റെ ദേശീയ ശരാശരി 29.8 ശതമാനം മാത്രമാണ്. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു (Kerala Financial Crisis).
Also Read:16.08 ലക്ഷം രൂപ ; മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് - പുതുവത്സര വിരുന്നിന് ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍
കേന്ദ്രം നൽകേണ്ട നികുതി വരുമാനം, ജി എസ് ടി നഷ്‌ടപരിഹാരം കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള പണം എന്നിങ്ങനെ അര്‍ഹതപ്പെട്ട എല്ലാ തുകയും കൈമാറിട്ടുണ്ട് . ഇതിന് പുറമേ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും ഊർജ മേഖലയിലേക്ക് നാലായിരം കോടി നൽകി. ഇതെല്ലാം നല്‍കിയിട്ടും മോശം ധനകാര്യ മാനേജ്‌മെന്‍റ് കാരണം സംസ്‌ഥാനം കടത്തിൽ നിന്ന് കടത്തിലേക്ക് നീങ്ങുന്നു . ഇതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് മാത്രമാണെന്നും ധനകാര്യമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.