ആലപ്പുഴ:വീട്ടുമുറ്റത്ത്കഞ്ചാവ് കൃഷി ചെയ്‌ത യുവാവ് അറസ്‌റ്റിൽ. കായംകുളം പുള്ളിക്കണക്ക് മുല്ലേളിൽ കിഴക്കേതിൽ അബ്‌ദുൾ ഷിജി (34) ആണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയതിന് എക്‌സൈസിന്‍റെ പിടിയിലായത്. ജില്ല ലഹരി വിരുദ്ധ സ്ക്വഡു കായംകുളം പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
അര മീറ്റർ നീളമുള്ള 31 ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടുമുറ്റത്ത് നിന്ന് പിടിച്ചെടുത്തത്. മാസങ്ങളായി ഇയാൾ ലഹരി വസ്‌തുക്കൾ വിൽപന നടത്തിവരികയായിരുന്നു. ഭാര്യയെയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട് ഒറ്റയ്ക്കായിരുന്നു താമസം. ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയ ശേഷം മയക്കുമരുന്നിന് അടിമയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
സെൽ ഡി വൈ എസ് പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കായംകുളം എസ് എച്ച് ഒ സുധീർ, എസ് ഐ രതീഷ് ബാബു, സി പി ഒമാരായ സബീഷ്, ബിജു എന്നിവരും ചേർന്നാണ് പരിശോധന നടത്തിയത്.
അതേസമയം, ഇന്നലെ (മാര്‍ച്ച് 24) കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് വൻ കഞ്ചാവ് വേട്ട നടന്നു. 14.495 കിലോ കഞ്ചാവാണ് പൊലീസിന്‍റെ പരിശോധനയിൽ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫും കുന്നമംഗലത്ത് പൊലീസും ഇന്നലെ രാവിലെ കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് വില്‍പനക്കാരനായ തലയാട് സ്വദേശി ഹർഷാദ് (38) നെ തൊട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയകരമായ സാഹചര്യത്തിൽ ഇതുവഴി വന്ന സ്‌കൂട്ടർ പരിശോധിക്കുകയായിരുന്നു. സ്‌കൂട്ടറിന്‍റെ അകത്ത് ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്.
കഞ്ചാവ് പിടികൂടിയത് കുന്നമംഗലത്ത് പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ, എസ് ഐമാരായ സി സനിത്, പി സുരേഷ്, ജി സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ ടിപി ജംഷീർ എന്നിവരുടെ നേതൃത്വത്തിലാണ് .
Also read : കുന്നമംഗലത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ - Cannabis Siezed