കരുനാഗപ്പള്ളി:കൊട്ടിക്കലാശത്തിനിടെ കരുനാഗപള്ളിയില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറിലാണ് എംഎല്‍എയ്ക്ക് പരിക്കേറ്റത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സിഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കും പരിക്കുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കൊട്ടിക്കലാശം സമാപിക്കുന്നതിന് തൊട്ട് മുന്‍പാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പൊലീസുകാർ ഇടപ്പെട്ട് ഇരു വിഭാഗങ്ങളെയും തടഞ്ഞതോടെ കല്ലേറ് നടത്തി. കല്ലേറിലാണ് പ്രവർത്തകർക്കും നേതാക്കൾക്കും പരിക്ക് പറ്റിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കും കല്ലേറിൽ പരിക്ക് പറ്റി. കരുനാഗപ്പള്ളി എസിപി പ്രദീപ്‌കുമാറിനും ഏതാനും പൊലീസുകാർക്കും പരിക്കേറ്റു. തുടർന്ന് ഇരുവിഭാഗത്തേയും പിരിച്ച് വിടാൻ കണ്ണീർവാതകം പ്രയോഗിച്ചു.
പത്തനാപുരത്ത് നടന്ന കൊട്ടിക്കലാശത്തിലും സംഘർഷമുണ്ടായി. ജില്ല പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജില്ല പഞ്ചായത്ത് പത്തനാപുരം ഡിവിഷന്‍ അംഗം അനന്ദു പിള്ള, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നവാസ്ഖാന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബോബന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്തനാപുരം നഗരത്തില്‍ നടന്ന കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം. പ്രചരണ വാഹനങ്ങളില്‍ ഉണ്ടായിരുന്ന മൈക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. ഇരുവിഭാഗത്തിലെയും യുവജനസംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടെ നഗരത്തില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്‍റെ ഫ്ലക്‌സ് ബോര്‍ഡുകളും കൊടിമരവും നശിപ്പിച്ചത് വീണ്ടും വാക്കേറ്റത്തിനിടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനവും നടത്തി. പരിക്കേറ്റവരെ പത്തനാപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
Also Read:കളറാക്കി പത്തനംതിട്ടയിലെ കൊട്ടിക്കലാശം: പ്രതീക്ഷയുടെ വെള്ളിത്തേരിലേറി മൂന്ന് മുന്നണികളും