തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേസ് സാഹിബിന്‍റെ സ്വകാര്യ ഭൂമി കൈമാറ്റം തടഞ്ഞ് കോടതി. പ്രവാസിയില്‍ നിന്ന് വാങ്ങിയ അഡ്വാന്‍സ് തുക മടക്കി നല്‍കാത്തതാണ് ഭൂമി ജപ്‌തി ചെയ്യാന്‍ ഇടയാക്കിയത്. കേസിന് ആസ്‌പദമായ തുക കോടതിയില്‍ കെട്ടിവച്ചാല്‍ മാത്രമേ ഡിജിപിക്ക് ഭൂമി കൈമാറ്റം സാധ്യമാകുകയുളളൂ.
തിരുവനന്തപുരം സബ് കോടതിയുടേതാണ് നടപടി. തോന്നയ്ക്കല്‍ റഫാ മന്‍സിലില്‍ താമസിക്കുന്ന ആര്‍ ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡിജിപിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട മണികണ്‌ഠേശ്വരം ഭാഗത്തുളള 10.8 സെന്‍റ് വസ്‌തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ ഒരു വസ്‌തു വില്‍പ്‌ന കരാര്‍ ഉണ്ടാക്കിയിരുന്നു.
രണ്ട് മാസത്തിനകം ഭൂമി കൈമാറാം എന്നായിരുന്നു കരാര്‍. കരാര്‍ ദിവസം ഉമര്‍ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് ഡിജിപി ആവശ്യപ്പെട്ട പ്രകാരം 10 ലക്ഷം രൂപയും വീണ്ടും ഒരാഴ്‌ച കഴിഞ്ഞ് ഡിജിപി ആവശ്യപ്പെട്ട പ്രകാരം അഞ്ച് ലക്ഷം രൂപയും നല്‍കി. അവസാനം നല്‍കിയ അഞ്ച് ലക്ഷം രൂപ ഉമര്‍ ഡിജിപി ഓഫിസില്‍ നേരിട്ട് എത്തിയാണ് നല്‍കിയത്.