ആലപ്പുഴ:പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കി ദഹിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പൂഞ്ചായിൽചിറ ബിനോയിയുടെ താറാവുകളെയാണ് കൊന്നൊടുക്കിയത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയും നശിപ്പിച്ചിട്ടുണ്ട്.
ദ്രുതകർമ്മസേനയുടെ നാല് ടീമുകളുടെ നേതൃത്വത്തിലാണ് നടപടി പൂർത്തിയാക്കിയത്.
തലവടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവിൻ്റെ സാമ്പിൾ ഭോപ്പാൽ വൈറോളജി ലാബിൽ പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇവിടെ നിന്നും സ്ഥിരീകരണം വന്നശേഷമായിരുന്നു നടപടി.
താറാവുകൾ ചത്തതോടെ തിരുവല്ല മഞ്ഞാടിയിലെ വൈറോളജി ലാബിലാണ് കർഷകൻ സാമ്പിൾ പരിശോധനയ്‌ക്ക് എത്തിച്ചത്. ഈ പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിൻ്റെ നേത്യത്വത്തിൽ ഭോപ്പാൽ ലാബിൽ പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു.
ബിനോയിയുടെ 3851 താറാവുകളെയും സമീപ പ്രദേശങ്ങളിലെ മറ്റു വളര്‍ത്തുപക്ഷികൾ അടക്കമുള്ള 4251 പക്ഷികളെയുമാണ് കൊന്നൊടുക്കി ദഹിപ്പിച്ചത്. ജില്ല മൃഗരോഗ നിയന്ത്രണ പദ്ധതി കോർഡിനേറ്ററുടെ നിർദേശ പ്രകാരം 23 ടൺ വിറക് രണ്ട് ടൺ ചിരട്ട, 100 കിലോ പഞ്ചസാര, 100 ലിറ്റർ ഡീസൽ, 100 കിലോ കുമ്മായം എന്നിവ പഞ്ചായത്ത് വാങ്ങി നല്‍കിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗം എന്‍ പി രാജന്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി വി വിനോദ് കുമാര്‍, വില്ലേജ് ഓഫിസർ രജി പോള്‍ എന്നിവർ നേതൃത്വം നല്‍കി.