പന്തിരങ്കാവിൽ ടിപ്പർ ലോറി തലയിൽ കയറി ബീഹാർ സ്വദേശി മരിച്ചു കോഴിക്കോട് : പന്തീരാങ്കാവിൽ ടിപ്പർ ലോറി തലയിൽ കയറിയിറങ്ങി യുവാവ് മരിച്ചു. നാഷണൽ ഹൈവേ ജോലിക്ക് എത്തിയ ബിഹാർ സ്വദേശിയായ സനിശേഖ് കുമാർ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. പന്തീരാങ്കാവ് ജംഗ്‌ഷന് സമീപം മേൽപാലത്തിന് മുകളിൽ ജോലി കഴിഞ്ഞ ശേഷം കിടന്നുറങ്ങുകയായിരുന്നു സനിശേഖ് കുമാർ.
മേൽപാലത്തിനു മുകളിലേക്ക് മണ്ണ് കൊണ്ടുവരികയായിരുന്ന ടിപ്പർ ലോറി ഈ ഭാഗത്ത് വച്ച് പിറകിലേക്ക് എടുത്തപ്പോൾ ടിപ്പറിൻ്റെ പിറകിലെ ചക്രങ്ങൾ സനിശേഖിന്‍റെ തലയിലും ദേഹത്തും കയറിയിറങ്ങി. അപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിൽ റോഡരികിലെ കേബിള്‍ കുരുങ്ങി സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന വീട്ടമ്മയ്‌ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യയ്ക്കാണ് പരിക്കേറ്റത്. തടി കയറ്റിവന്ന ലോറിയിൽ കുരുങ്ങി കേബിൾ ലൈൻ പൊട്ടുകയായിരുന്നു.
തുടര്‍ന്ന് ലോറിയിൽ തന്നെ കുരുങ്ങിയ കേബിളുമായി മുന്നോട്ട് പോകവേ സന്ധ്യ കേബിളിൽ കുരുങ്ങി. ഭർത്താവിൻ്റെ വർക്‌ഷോപ്പിന് മുന്നിൽ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്നു സന്ധ്യ. 20 മീറ്ററോളം ദൂരം കേബിളിൽ കുരുങ്ങി മുന്നോട്ട് പോയി. തുടര്‍ന്ന് തെറിച്ചു വീഴുകയായിരുന്നു. കേബിളിൽ കുരുങ്ങിയ സ്‌കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ ദേഹത്തേക്കാണ് വീണത്.
Also read : കാട്ടാക്കട ടിപ്പർ അപകടം; ടിപ്പർ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു - Tipper Lorry Driver Arrested