തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സംസ്ഥാനത്തെ 15 മത് ജില്ലയാക്കി മാറ്റാൻ മുഖ്യമന്ത്രിക്ക് ഭീമ ഹർജി. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ ഉൾപ്പെടെയുള്ളവരാണ് മുഖ്യമന്ത്രിയെ കണ്ട് അര ലക്ഷം പേർ ഒപ്പിട്ട ഹർജി സമർപ്പിച്ചത്. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിലാണ് ഹർജി സമർപ്പിച്ചത്.
നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടി യോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി സംസ്ഥാനത്തെ 15 മത് ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. ഹർജി കൈമാറിയപ്പോൾ പുതിയ ജില്ല രൂപീകരണത്തിന് സർക്കാരിന് അനുകൂല തീരുമാനമായിരുന്നുവെന്ന് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെയർമാൻ ജി ബാലകൃഷ്ണപിള്ള അവകാശപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിനും സംസ്ഥാനത്തിനു കനത്ത നഷ്ടമാണ് ഉണ്ടായതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.