കോഴിക്കോട് : മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരിലും വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ വന്ന മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌ത കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്‌ടമായത് അര ലക്ഷത്തോളം രൂപ. ഇത്തരത്തില്‍ നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് കിട്ടിക്കൊണ്ടിരിക്കുന്നത്.
അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ചാണ് കോഴിക്കോട് ആര്‍ടിഒയുടെ പേരില്‍ ബാങ്കുദ്യോഗസ്ഥക്ക് സന്ദേശമെത്തിയത്. ചലാന്‍ നമ്പറും വാഹന നമ്പറുമെല്ലാം ഉള്‍പ്പെടുന്ന സന്ദേശം വാട്‌സ്ആപ്പില്‍ അയക്കുകയായിരുന്നു. എപികെ ഫയലിനൊപ്പം വന്ന സന്ദേശം തുറന്നു നോക്കിയപ്പോഴേക്കും നാല്‍പ്പത്തിയേഴായിരം രൂപ നഷ്‌ടമായി. മറ്റ് ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്‌ത ഫോണ്‍ നമ്പറിലേക്ക് ഒടിപി വന്നെങ്കിലും പണമില്ലാതിരുന്നതിനാൽ വന്‍ സംഖ്യ നഷ്‌ടമായില്ല.
പണം തട്ടാനായി പുത്തന്‍ തന്ത്രങ്ങളാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പയറ്റുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ വരുന്ന സന്ദേശങ്ങള്‍ തുറന്ന് എപികെ ലിങ്ക് ഓപ്പണാവുന്നതോടെ മൊബൈലിലെ വിവരങ്ങള്‍ മുഴുവന്‍ വിദൂരത്തുള്ള തട്ടിപ്പ് സംഘത്തിലേക്ക് എത്തും. വൈകാതെ ബാങ്ക് അക്കൗണ്ടിലെ പണം ഇവര്‍ ട്രാന്‍സഫർ ചെയ്യും. ഇത്തരത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ വ്യാജ സന്ദേശങ്ങളെത്തുന്ന കേസുകള്‍ പ്രതിദിനം വര്‍ധിക്കുകയാണെന്ന് പൊലീസ് പറയുന്നു.