കൊല്ലം: ക്രിസ്‌മസിന് കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ പണം നൽകുന്ന സാന്താക്ലോസിനെ ആരും കേട്ടും കണ്ടും കാണില്ല. എന്നാൽ കൊല്ലത്ത് അങ്ങനൊരു സാന്താക്ലോസ് പിറവിയെടുത്തു. കടപ്പാക്കടയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യയിലാണ് പണം നൽകുന്ന സാന്താക്ലോസിനെ കാണാൻ കഴിഞ്ഞത്.
ബാങ്കിലെത്തിയവർക്കെല്ലാം നല്ലൊരു കാഴ്‌ചയാണ് ബാങ്കിലെ ക്യാഷ് കൗണ്ടറിൽ കാണാൻ കഴിഞ്ഞത്. ബാങ്കിലെ സീനിയർ കാഷ്യർ കൊല്ലം രാമൻകുളങ്ങര സ്വദേശി ബാബു കുട്ടനാണ് സാന്താക്ലോസ് വേഷമണിഞ്ഞ് ജോലിക്കെത്തിയത്. ജോലി കാഷ്യർ ആയതിനാൽ ബാങ്കിലെത്തിയവർക്ക് മധുരവും സമ്മാനപൊതികളും നൽകുന്നതിന് പകരം കറൻസി നോട്ടുകളാണ് 57 കാരനായ ബാബു കുട്ടൻ നൽകിയത്.
ബാങ്കിലെ മറ്റെല്ലാ ജീവനക്കാരും ചുവപ്പ് വസ്ത്രമണിഞ്ഞ് സാന്താക്ലോസിൻ്റെ തൊപ്പിയും ചൂടിയാണ് ബാങ്കിൽ ജോലി ചെയ്‌തത്. ബാങ്കിൽ എത്തിയവർ സാന്താക്ലോസ് കാഷ്യറോട് കേക്കും വൈനും ആവശ്യപ്പെട്ടെങ്കിലും സമാധാനത്തിൻ്റെ സന്ദേശമാണ് ബാബു കുട്ടൻ നൽകിയത് . ക്രിസ്‌മസിന് മാത്രമല്ല വേഷം കെട്ടുന്നത്, ഓണത്തിന് മാവേലിയായും വേഷം കെട്ടാറുണ്ട്. എന്നാൽ ഓഫിസിൽ വേഷം കെട്ടി ജോലി ചെയ്യുന്നത് ആദ്യമായിട്ടാണ്. ഓണത്തിന് മാവേലി വേഷം കെട്ടി മറ്റ് ബാങ്കുകളിലെത്തി ഓണാശംസകൾ നേരും.