കോഴിക്കോട്:നേന്ത്രക്കുലയ്ക്കും പഴത്തിനും വില കുതിച്ചുയരുന്നു. 40 രൂപയായിരുന്ന നേന്ത്രപ്പഴത്തിന് ഇന്നത്തെ വില 75 രൂപയാണ്. 30 രൂപയായിരുന്ന പച്ചക്കായുടെ വില 70ന് മുകളിലെത്തി. കിലോയ്ക്ക് 80-85 രൂപ നിരക്കിലാണ് കച്ചവടക്കാർ നാടൻ നേന്ത്രപ്പഴം വിൽക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് വാഴ കർഷകർക്ക് ആശ്വാസ വില ലഭിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നേന്ത്രക്കുലയ്ക്ക് കിലോയ്ക്ക് 55-65 രൂപ വരെയാണ് വില. ഇത് കച്ചവടക്കാർ 75-80 രൂപയ്‌ക്കാണിപ്പോൾ വിൽപന നടത്തുന്നത്. നാല് മാസം മുമ്പ് ഇതര സംസ്ഥാനത്ത് നിന്നും വരുന്ന കുലകൾ മൂന്ന് കിലോ 100 രൂപയ്ക്ക് വരെ വിൽപന നടത്തിയിരുന്നു. മൈസൂർ പഴത്തിന് 35-40, ഞാലിപൂവന് 40-50, റോബസ്‌റ്റിന് 35-40 രൂപയുമാണ് നിലവിൽ ചെറുകിട കച്ചവടക്കാരുടെ ശരാശരി വിൽപന വില.
കാലാവസ്ഥ വ്യതിയാനം ഇതര സംസ്ഥാനത്തെ വാഴകൃഷിയേയും ബാധിച്ചു. നല്ല കുലകൾ ലഭിക്കുന്നത് പൊതുവെ കുറവാണ്. ഇതോടെ വില കൂടി വരികയാണെന്ന് കച്ചവടക്കാരനായ പ്രജീഷ് പറഞ്ഞു. നാട്ടിലെ കൃഷിക്കാരുടെ വാഴകുലകൾക്ക് വേണ്ടത്ര തൂക്കം കിട്ടുന്നില്ല. നേന്ത്രക്കുല പൊതുവെ 15 കിലോയ്ക്ക് മുകളിൽ തൂക്കം വയ്‌ക്കാറുണ്ടെങ്കിലും ഇപ്പോൾ ചെറിയ കുലകളാണ് കിട്ടുന്നത്.
8 മുതൽ 12 കിലോ വരെയാണ് നേന്ത്രകുലയുടെ ശരാശരി തൂക്കം. ചില ഭാഗങ്ങളിൽ മാത്രമാണ് കൂടുതൽ പടലകളോടെ വലിയ കുലകൾ വിളയുന്നത്. 10 കിലോ തൂക്കമുള്ള നാടൻ നേന്ത്രക്കുല കടകളിലെത്തിക്കുമ്പോൾ ഒരു കിലോയിലേറെ തണ്ട് കുറച്ചാണ് കച്ചവടക്കാർ വാങ്ങുന്നത്. സാധനം കിട്ടാതായതോടെ പഴത്തിന്‍റെ ഡിമാന്‍ഡ് കൂടി. ഇതോടെ നാട്ടിലും വില കൂടിയെന്ന് കർഷകനായ ദിനേശൻ പറഞ്ഞു.