ഇടുക്കി: സപ്ലൈക്കോ സ്റ്റോറുകളിലെ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത കുറവ് ഇടുക്കി തോട്ടം മേഖലയിലെ തൊഴിലാളികളെ വലക്കുന്നു. സാധനങ്ങൾ ലഭിക്കാതായതോടെ ആളുകൾ അധിക വില നൽകി മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങേണ്ടുന്ന സ്ഥിതിയായി. സാധാരണക്കാർക്ക് ഇത് അധിക ബാധ്യത വരുത്തുകയാണ്.
തോട്ടം മേഖലയിലേയും ആദിവാസി മേഖലയിലേയും കാർഷിക മേഖലയിലേയുമൊക്കെ സാധാരണക്കാരായ ആളുകൾ അവശ്യ സാധാനങ്ങൾ വിലകുറച്ച് വാങ്ങാൻ ആശ്രയിക്കുന്നത് സപ്ലൈക്കോ സ്റ്റോറുകളെയാണ്. എന്നാൽ സപ്ലൈക്കോ സ്റ്റോറുകളിലെ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത കുറവ് ഇടുക്കി ജില്ലയിലെ തോട്ടം മേഖലയെ വലക്കുകയാണ്. സബ്‌സിഡി സാധനങ്ങൾ വാങ്ങുവാൻ സപ്ലൈക്കോയിൽ എത്തിയാൽ സാധനങ്ങൾ പലതും ഇല്ലായെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു.
സാധനങ്ങൾ ലഭിക്കാതായതോടെ ആളുകൾ അധിക വില നൽകി മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങേണ്ടുന്ന സ്ഥിതിയായി. സാധാരണക്കാർക്ക് ഇത് അധിക ബാധ്യത വരുത്തുകയാണ്. പൊതുവിപണിയിലെ പൊള്ളുന്ന വിലയിൽ സപ്ലൈക്കോയിലൂടെ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭിച്ച് വന്നിരുന്നത് ആളുകൾക്ക് ആശ്വാസകരമായിരുന്നു. ലഭ്യത കുറഞ്ഞതോടെ സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റും താളം തെറ്റി കഴിഞ്ഞു. സപ്ലൈക്കോയിലൂടെ ലഭിച്ചിരുന്ന സാധനങ്ങളുടെ സബ്‌സിഡി നിരക്കിൽ കുറവ് വരുത്താനുള്ള തീരുമാനത്തേയും സാധാരണക്കാർ ആശങ്കയോടെയാണ് നോക്കി കാണുന്നത്.