കോഴിക്കോട് :കൊടുവള്ളിയിൽ ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ട് കിലോ സ്വർണം കവർന്ന കേസില്‍ അഞ്ച് പേർ പൊലീസിൻ്റെ പിടിയില്‍. പ്രതികളായ രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. തൃശൂർ, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഇവരില്‍ നിന്ന് 1.3 കിലോ സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയാണ് മുത്തമ്പലം കാവില്‍ താമസിക്കുന്ന ബൈജുവിനെ ആക്രമിച്ച് സംഘം സ്വര്‍ണം കവര്‍ന്നത്.
കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ ഓമശ്ശേരി റോഡില്‍ മുത്തമ്പലത്ത് വച്ച് കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തുകയായിരുന്നു. മൂന്ന് പേർ ഇറങ്ങി വന്ന് സ്‌കൂട്ടറില്‍ വച്ചിരുന്ന ബാഗെടുത്ത് പോവാനൊരുങ്ങുന്നതിനിടെ ബൈജു തടയാന്‍ ശ്രമിച്ചു. എന്നാല്‍ ബൈജുവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി തള്ളിയിട്ട ശേഷം സംഘം കടന്നു കളയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌കൂട്ടർ മറിഞ്ഞ് റോഡില്‍ വീണ തന്നെ സഹായിക്കാനാണ് സംഘം കാറില്‍ നിന്നിറങ്ങി വന്നതെന്നാണ് ആദ്യം കരുതിയത് എന്ന് ബൈജു പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, സ്‌കൂട്ടറിന്‍റെ മുൻഭാഗത്ത് വച്ചിരുന്ന സ്വർണമടങ്ങിയ ബാഗ് പെട്ടെന്ന് തന്നെ ഇവർക്ക് ലഭിച്ചതിനാലാണ് സംഘം കടന്നു കളഞ്ഞതെന്നും അല്ലെങ്കില്‍ തന്നെ ആക്രമിക്കുമായിരുന്നു എന്നും ബൈജു മൊഴി നൽകി.
സ്‌കൂട്ടർ മറിഞ്ഞ് ബൈജുവിന്‍റെ വലത് കൈക്കും വലത് കാലിനും പരിക്കുണ്ട്. വർഷങ്ങളായി കൊടുവള്ളിയില്‍ സ്വർണാഭരണ നിർമാണ യൂണിറ്റ് നടത്തി വരികയാണ് ബൈജു. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയം തോന്നുന്ന ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിന്‍റെ വലയിലായത്.
Also Read:പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ച: കുറ്റകൃത്യം നടത്തിയത് വൻ ആസൂത്രണത്തോടെ, നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്, സംഭവമിങ്ങനെ