അര്‍ജുന്‍റെ അമ്മ മാധ്യമങ്ങളോട് (ETV Bharat) കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ അതൃപ്‌തി പ്രകടിപ്പിച്ച് കുടുംബം. മകനെ ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അമ്മ ഷീല. സൈന്യം വന്നിട്ടും ഫലമുണ്ടായില്ല. വലിയ പ്രതീക്ഷയോടെയാണ് സൈന്യത്തെ ഞങ്ങള്‍ കണ്ടത്.
എന്നാൽ ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയത്. കോമാളി വേഷം കെട്ടി ഡമ്മികളിയാണ് ഇവിടെ നടക്കുന്നത്. പട്ടാളത്തെ അഭിമാനമായാണ് കരുതിയത്. അതിപ്പോൾ തെറ്റി. പട്ടാളത്തിന് വേണ്ട നിര്‍ദേശങ്ങള്‍ ലഭിച്ചില്ല. എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്. ഒരു മനുഷ്യന് ഇത്രയെ വിലയൂള്ളൂവെന്നും അമ്മ ഷീല ചോദിച്ചു.
ഇപ്പോള്‍ അര്‍ജുന്‍ പുഴയിലേക്ക് തെന്നി വീഴാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. പക്ഷേ ആ കുഴിയുടെ മുകളിലേക്കാണ് ഇത്രയും ദിവസം മണ്ണ് കൂമ്പാരം പോലെ കൂട്ടിവച്ചത്. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് എല്ലാവരുടെയും ശ്രമമെന്നും അർജുന്‍റെ അമ്മ ഷീല പറഞ്ഞു.
കുടുങ്ങികിടക്കുന്ന മറ്റുള്ള ആളുകളെയും പരിഗണിക്കുന്നില്ല. അര്‍ജുന് വേണ്ടിയുളള തെരച്ചിലിനിടയില്‍ വേറെ കുറെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇത് പുറം ലോകം അറിയുന്നുണ്ടോയെന്നും ഷീല ചോദിച്ചു. അതുകൊണ്ട് കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യ തലത്തില്‍ ഈ വിഷയത്തില്‍ ശ്രദ്ധ കൊണ്ടുവരണമെന്നും അർജുന്‍റെ അമ്മ ആവശ്യപ്പെട്ടു.
മലയാളികളായതുകൊണ്ട് നമുക്ക് എല്ലാവരുടെയും പിന്തുണ ലഭിച്ചു. മൂന്ന് സ്ത്രീകളും രണ്ട് തമിഴരും അവരുടെ ആളുകളെ കാണാനില്ലെന്ന് പറഞ്ഞിട്ട് അധികൃതര്‍ ആട്ടി ഓടിക്കുകയാണ് ചെയ്‌തതെന്ന് മകന്‍ പറഞ്ഞതായും ഷീല പറഞ്ഞു. എല്ലാവരും ഭക്ഷണം കഴിച്ച ഹോട്ടലിലെ ജോലിക്കാരനാണ് കാണാതായയാള്‍. വിവരം അറിയിച്ചിട്ടും ഹോട്ടലിന്‍റെ ബാക്കി ഭാഗത്ത് മണ്ണ് കൊണ്ടിടുകയാണ് അവിടുത്തെ രക്ഷാപ്രവര്‍ത്തകര്‍ ചെയ്‌തതെന്നും അവര്‍ പറഞ്ഞു.
ഇത്രമാത്രം അനാസ്ഥ നടക്കുമ്പോള്‍ നമ്മള്‍ ഇന്ത്യയില്‍ തന്നെയാണോ ജീവിക്കുന്നത് എന്ന് സംശയം തോന്നുന്നു. അഫ്‌ഗാനില്‍ ജീവിക്കുന്നത് പോലെയാണ് തോന്നുതെന്നും അർജുന്‍റെ അമ്മ ഷീല പറഞ്ഞു. മകന് എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാൽ അത് ഉൾക്കൊള്ളുമെന്നും അമ്മ ഷീല പറഞ്ഞു.
Also Read:നിറയുന്നത് അനിശ്ചിതത്വം: സൈന്യം മടങ്ങുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ കൈമാറിയെന്ന് ഐഎസ്‌ആര്‍ഒ