ബെംഗളൂരു: ഒമ്പതാം നാള്‍ നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുമൊടുവില്‍ മലയാളി ഡ്രൈവര്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ കണ്ടെത്തിയിരിക്കുന്നു. കന്യാകുമാരി-പന്‍വേല്‍ ദേശീയ പാതയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് ലോറിയടക്കം അര്‍ജുനെ കാണാതായത്.
നാള്‍ വഴി:ജൂലൈ 16ന് രാവിലെ 8.30നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഈ മണ്ണിടിച്ചിലാണ് മലയാളി ഡ്രൈവര്‍ അര്‍ജുനെ കാണാതായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്കിലെ ജിപിഎസ് സംവിധാനം അവസാനമായി പ്രവര്‍ത്തിച്ചത് അന്ന് രാവിലെ 8.49നാണ്. ലോറിയുടെ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നതും ഷിരൂരില്‍ തന്നെയാണ്. ഷിരൂരില്‍ വണ്ടി ഓഫായെന്നാണ് കാണിക്കുന്നത്. അതിന് ശേഷം ഓഫ് ലൈനായി എന്ന് സൂചിപ്പിക്കുന്ന റെഡ് സിഗ്നലാണ് ജിപിഎസ് മാപ്പില്‍ കാണിക്കുന്നത്.
കെഎ15എ 7427 എന്ന രജിസ്ട്രേഷനുള്ള സാഗര്‍കോയ ടിംബേഴ്‌സ് ലോറിയാണ് അര്‍ജുന്‍ ഓടിച്ചിരുന്നത്. സംഭവ ദിവസം 181 കിലോമീറ്റര്‍ അര്‍ജുന്‍ വാഹനം ഓടിച്ചിട്ടുണ്ട്. അതായത് ആറ് മണിക്കൂര്‍ മുപ്പത് മിനിറ്റ് യാത്രാസമയം. അര്‍ജുന്‍ യാത്ര തുടങ്ങിയത് പുലര്‍ച്ചെ രണ്ടിനായിരിക്കുമെന്നും അനുമാനിക്കുന്നു. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തിലാണ് വണ്ടി ഓടിച്ചിരുന്നത്. പല ഘട്ടങ്ങളിലായി ഒരുമണിക്കൂര്‍ പതിനഞ്ച് മിനിറ്റ് വാഹനം ഓണ്‍ ചെയ്‌ത് വച്ച് വിശ്രമിച്ചിട്ടുമുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കന്‍ഡാണ്. ഇത് മണ്ണിടിച്ചിലുണ്ടായ ചായക്കടയ്ക്ക് സമീപമാകാമെന്നും കരുതുന്നു. അങ്ങനെ എങ്കില്‍ 8.15നാകും അര്‍ജുനും ലോറിയും അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടാകുക.
വണ്ടി ഓഫ് ചെയ്‌ത് കിടന്നുറങ്ങിയപ്പോള്‍ മണ്ണിടിച്ചിലുണ്ടാകാനും വണ്ടി തകര്‍ന്ന് പവര്‍ ഓഫ് ആയതുമാകാം ജിപിഎസ് കട്ട് ആകാന്‍ കാരണം. ലോറി ഉടമ ജിപിഎസ് ലൊക്കേഷന്‍ ആപ്പില്‍ നോക്കിയാണ് വണ്ടി അപകടത്തില്‍ പെട്ടെന്ന് കണ്ടെത്തിയത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം അപകടസമയത്ത് പകുതിയിലേറെ ഇന്ധനവും വണ്ടിയിലുണ്ടായിരുന്നു.
ജൂലൈ പതിനാറ് ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് അവസാനമായി അര്‍ജുന്‍ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിരൂരിലെ മണ്ണിടിച്ചിലിനെക്കുറിച്ച് കുടുംബമറിയുന്നത്. ആദ്യം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. രാത്രി തന്നെ അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്ത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു പ്രസാദ് എന്നിവര്‍ ട്രെയിന്‍ മാര്‍ഗ്ഗം ഷിരൂരിലേക്ക് പുറപ്പെട്ടു.
ഇതിനും മുമ്പേ ലോറിയുടെ ഉടമയുടെ സഹോദരന്‍ മുബീനും സുഹൃത്ത് രഞ്ജിത്തും ഷിരൂരിലേക്ക് തിരിച്ചിരുന്നു. ഷിരൂരിലെത്തിയ സംഘം കണ്ടതത്രയും നിരാശാജനകമായ കാഴ്ച്ചകളാണ്. ഒരു പൊലീസ് ജീപ്പും മണ്ണുമാന്തി യന്ത്രവും മാത്രമാണ് സംഭവസ്ഥലത്തുണ്ടായിരുന്നതത്രേ.
ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതും മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുന്നതും ഏകോപിപ്പിക്കുന്നതിന് തുടക്കത്തില്‍ വേണ്ട്ത്ര വേഗതയുണ്ടായില്ലെന്ന് പരക്കെ ആക്ഷേപമുയരുന്നു. സംഭവ സ്ഥലത്തേക്ക് അര്‍ജുനെ അന്വേഷിച്ചു ചെന്ന ബന്ധുക്കളടക്കമുള്ള സംഘത്തെ പൊലീസ് തടഞ്ഞു. 30 കിലോമീറ്റര്‍ ചുറ്റി വനമേഖലയിലൂടെ സഞ്ചരിച്ചാണ് അഭിജിത്തും സംഘവും ദുരന്തഭൂമിയിലെത്തിയത്. ഇതിനിടെ ലോറി ഉടമ മനാഫുമെത്തി. പല തവണ പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങി. ഒടുക്കം അര്‍ജുന്റെ സഹോദരി അഞ്ജു കോഴിക്കോട് എംപി എം കെ രാഘവനെ പോയി കണ്ട് പരാതി പറഞ്ഞു. ഒപ്പം മാധ്യമങ്ങളെയും വിവരമറിയിച്ചു. അപ്പോഴേക്കും മണ്ണിടിച്ചിലുണ്ടായി മൂന്ന് ദിവസം പിന്നിട്ടിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍വെച്ചു.
ജൂലൈ19 രക്ഷാപ്രവര്‍ത്തനം നാലാം ദിവസം
- അര്‍ജുന്‍റെ രണ്ടാമത്തെ നമ്പര്‍ ബെല്ലടിച്ചെന്ന ഭാര്യയുടെ വെളിപ്പെടുത്തല്‍ പ്രതീക്ഷ നല്‍കി.
- നാവിക സേന എത്തിയാലുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉറപ്പ് കിട്ടിയതായി എംപി എം കെ രാഘവന്‍.
- മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടല്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം സജീവമാകുന്നു.
- കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നു ഗംഗാവലി പുഴ കരകവിഞ്ഞൊഴുകുന്നതും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.
- എന്‍ഡിആര്‍എഫും പൊലീസും തെരച്ചില്‍ നിത്തി.
- നാവിക സേനയുടെ ഹെലികോപ്‌റ്ററുകള്‍, ഡൈവര്‍മാര്‍ എന്നിവയും രംഗത്ത്, കാസര്‍കോട് നിന്ന് എന്‍ഫോഴ്‌സ്മെന്‍റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘവും ഷിരൂരിലെത്തുന്നു.
- ഗംഗാവലി പുഴയിലെ തെരച്ചിലിന് നാവികസേനയെത്തുമെന്ന് കളക്‌ടറുടെ ഉറപ്പ്. കരയിലെ മണ്ണ് ഏറെ നീക്കിയിട്ടും ലോറിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
- സംഭവത്തില്‍ അടിയന്തര ഇടപെടലിന് ചീഫ് സെക്രട്ടറി കെ വേണുവിനോട് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
- വെള്ളത്തിനടിയല്‍ ലോറിയുണ്ടെന്ന് പരിശോധിക്കാന്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും കലക്‌ടര്‍.
- എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്‌സിന്‍റെയും നാല്‍പ്പതംഗസംഘം തെരച്ചിലിന്.
- ജൂലൈ 19ന് ഉച്ചയോടെ നാവികസേനയുടെ എട്ടംഗ സംഘം സ്ഥലത്ത്. എത്തിയത് മുങ്ങല്‍ വിദഗ്‌ധരുടെ സംഘം.
- നദിയില്‍ ലോറിയില്ലെന്ന് നേവിയുടെ സ്ഥിരീകരണം. മണ്ണിനടിയില്‍ ഉണ്ടോയെന്ന് അറിയാന്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ പരിശോധന.